ഭാരതീയ ജനത പാര്‍ട്ടി വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കുന്നു എന്നുള്ള അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്ന ബി എസ പി നേതാവ് മായാവതി കൂടുതല്‍ ഗുരുതരമായ ആരോപണവുമായി രംഗത്ത്. ഉത്തര്‍ പ്രദേശില്‍, കുറഞ്ഞത് 250 മണ്ഡലങ്ങളിൽ  എങ്കിലും വോട്ടിങ് മെഷീനുകളില്‍ ബി ജെ പി കൃത്രിമത്വം കാണിച്ചിട്ടുണ്ട് എന്നാണ് മായാവതിയുടെ പുതിയ ആരോപണം. മൊത്തം 403 സീറ്റുകള്‍ ആണ് ഉത്തര്‍പ്രദേശില്‍ ഉള്ളത്.
” ആകെ 403 സീറ്റുകള്‍ ഉള്ളിടത്ത്, ബി ജെ പിക്കു ശക്തികുറഞ്ഞ 250 സീറ്റുകളില്‍ ആണ് ബിജെപി വോട്ടിങ്  മെഷീനില്‍ കൃത്രിമത്വം കാണിച്ചിരിക്കുന്നത്. ” മായാവതി പറയുന്നു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പില്‍ നടന്ന വോട്ടിങ് മെഷീന്‍ കൃത്രിമത്വത്തിനെതിരെ ബിജെപി ഇതര പാര്‍ട്ടികളുമായി കൈകോര്‍ത്ത് പോരാടും എന്നു പറഞ്ഞ മുന്‍ ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ ഇത് ആവശ്യമാണ്‌ എന്നും വ്യക്തമാക്കി. .
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ബിജെപിക്ക് ചരിത്രത്തിലില്ലാത്ത മുന്‍‌തൂക്കം നല്‍കിയിരുന്നു. ഫലപ്രഖ്യാപനത്തിനു പിന്നാലെയാണ്, വോട്ടിങ് മെഷീനില്‍ കൃത്രിമത്വം ഉണ്ടെന്നുളള  ആരോപണങ്ങള്‍ ഉയര്‍ന്നു തുടങ്ങിയത്. അതിനിടയില്‍, വോട്ടിങ് മെഷിന്‍ ഹാക്ക് ചെയ്യാന്‍ സാധിക്കും എന്നും ഇക്കാര്യം പരിശോധിക്കപ്പെടെണ്ടതുണ്ട് എന്നും പറഞ്ഞുകൊണ്ട് ബിഎസ്‌പി സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിനും സുപ്രീം കോടതി നോടീസ് അയച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook