ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാർട്ടി (ബിജെപി) വക്താക്കളായ നൂപുർ ശർമ്മയെയും നവീൻ ജിന്‍ദലിനെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.
“നിങ്ങൾ പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കാനിരിക്കെ നിങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നു,” ബിജെപിയുടെ കേന്ദ്ര അച്ചടക്ക സമിതി അംഗം സെക്രട്ടറി ഓം പഥക് നൂപുർ ശർമയ്ക്ക് അയച്ച കത്തിൽ പറയുന്നു.
നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള നൂപുർ ശർമ്മയുടെ ആരോപണത്തെക്കുറിച്ചുള്ള വിവാദത്തിന് നല്‍കിയ മറുപടിയിൽ ബിജെപി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നെന്നും ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അപമാനിക്കുന്നതോ അവഹേളിക്കുന്നതോ ആയ ഏതൊരു പ്രത്യയശാസ്ത്രത്തിനും എതിരാണെന്നും വ്യക്തമാക്കിയിരുന്നു.
“ഏതെങ്കിലും മതത്തില്‍ ഉള്‍പ്പെടുന്ന വ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. ഏതെങ്കിലും വിഭാഗത്തെയോ മതത്തെയോ അവഹേളിക്കുന്നതോ അവഹേളിക്കുന്നതോ ആയ ഏതൊരു പ്രത്യയശാസ്ത്രത്തിനും എതിരാണ് ഭാരതീയ ജനതാ പാർട്ടി. ബിജെപി അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നില്ല,” ബിജെപി ജനറൽ സെക്രട്ടറി അരുൺ സിങ് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുംബൈ പോലീസ് ശർമയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഗ്യാന്‍വാപി വിഷയത്തെക്കുറിച്ചുള്ള ഒരു വാർത്താ സംവാദത്തിൽ ശർമ പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി പരാതിയില്‍ പറയുന്നു. തെറ്റായ കാര്യങ്ങള്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശര്‍മയുടെ വാദം. വിവാദം പൊട്ടിപ്പുറപ്പെട്ടതിനുശേഷം തനിക്ക് വധഭീഷണിയും ബലാത്സംഗ ഭീഷണിയുമുണ്ടായെന്നും അവര്‍ പറയുന്നു.