വഡോധര: സ്വന്തം പാർട്ടിയിലെ പാർലമെന്റംഗത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച യുവമോർച്ച നേതാവിനെ ബിജെപി സസ്പെന്റ് ചെയ്തു. വഡോദരയിൽ നിന്നുളള പാർലമെന്റംഗം രഞ്ജൻബെൻ ധനഞ്ജയ് ഭട്ടിനെതിരെ ആരോപണം ഉന്നയിച്ച യുവമോർച്ച നേതാവ് വികാസ് ദുബൈയെ ആണ് സസ്പെന്റ് ചെയ്തത്.
ഫെയ്സ്ബുക്കിലായിരുന്നു ബിജെപി എംപി അഴിമതിക്കാരിയാണെന്ന് വികാസ് ദുബൈ ആരോപണം ഉന്നയിച്ചത്. യുവമോർച്ച ഗുജറാത്ത് വൈസ് പ്രസിഡന്റാണ് വികാസ് ദുബൈ. നടപടി നേരിട്ടതിന് പിന്നാലെ കൂടുതൽ തെളിവുകളുമായി തിരികെ വരുമെന്ന് വികാസ് വീണ്ടും ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യം ആരോപണം ഉന്നയിച്ച വികാസ് ദുബൈ, സംഭവം വിവാദമായതോടെ ഫെയ്‌സ്ബുക്കിൽ നിന്ന് പോസ്റ്റ് പിൻവലിച്ച് മാപ്പു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നടപടിയെടുത്തത്. ഇത് വഡോദരയിലും ഗുജറാത്തിലും ബിജെപിക്ക് പുതിയ തലവേദനയായേക്കും.