റാഞ്ചി: ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട അപമാനകരമായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ ലക്ഷ്മൺ ഗിലുവ സ്ഥാനമൊഴിഞ്ഞു. ചക്രധർപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ലക്ഷ്മൺ ഗിലുവ ജനവിധി തേടിയത്. ഡിസംബർ ഏഴിന് നടന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് മണ്ഡലത്തിലെ ജനങ്ങൾ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ലോക്സഭ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ബിജെപി സർക്കാർ അധികാരത്തിലേറി ഏഴ് മാസം തികയുമ്പോഴാണ് ജാർഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജെഎംഎം, ആർജെഡി മഹാസഖ്യത്തോട് ഏറ്റുമുട്ടി ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയത്. 81 സീറ്റുകളിൽ 47 സീറ്റുകൾ മഹാസഖ്യം നേടിയപ്പോൾ ബിജെപി 25 സീറ്റുകളിലേക്ക് ഒതുങ്ങി.

Read More: ജാർഖണ്ഡ്: ഒരു വർഷത്തിനുള്ളിൽ ബിജെപിക്ക് അധികാരം നഷ്ടപ്പെട്ട അഞ്ചാമത്തെ സംസ്ഥാനം

81 സീറ്റുകളിൽ ജെഎംഎം 30, കോൺഗ്രസ് 16, ആർ‌ജെഡി 1, എൻ‌സി‌പി 1, ഇൻഡിപെൻഡന്റ്സ് 2, ജെവിഎം (പി) 3, സി‌പി‌ഐ (എം-എൽ) (എൽ) 1, ബിജെപി 25, എ‌ജെ‌എസ്‌യു 2 എന്നിങ്ങനെ സീറ്റുകൾ ​നേടി.

ജെഎംഎം നിയമസഭാ കക്ഷി നേതാവ് കൂടിയായ ഹേമന്ത് സോറൻ ഡിസംബർ 29ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കഴിഞ്ഞ ദിവസം ഹേമന്ദ് സോറന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. 29നു റാഞ്ചിയില്‍ നടക്കുന്ന ജെഎംഎം-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം സോണിയയെ ക്ഷണിച്ചു.

Read More: ജാര്‍ഖണ്ഡില്‍ 29നു സത്യപ്രതിജ്ഞ; ഹേമന്ദ് സോറന്‍ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചു

ജാര്‍ഖണ്ഡിലെ ജനവിധി മാനിക്കുമെന്നും അത് അംഗീകരിക്കുമെന്നുമായിരുന്നു ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഭരിക്കാന്‍ അവസരം നല്‍കിയ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും ഷാ പറഞ്ഞു. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഇനിയും നില്‍ക്കുമെന്നും അമിത് വ്യക്തമാക്കി.

ജാര്‍ഖണ്ഡില്‍ വിജയം നേടിയ മഹാസഖ്യത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിന് നന്ദി പറയുന്നതായും ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച മഹാസഖ്യത്തിന് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും മോദി പറഞ്ഞു. തുടര്‍ന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും മോദി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook