ചെന്നൈ: ശശികലയെ സർക്കാരുണ്ടാക്കാൻ ഗവർണർ മടിക്കുന്നത് എന്തിനെന്ന സുബ്രഹ്മണ്യം സ്വാമിയുടെ ചോദ്യത്തെ തള്ളി ബിജെപി തമിഴ്നാട് ഘടകം. ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട് പാർട്ടിയുടേതല്ലെന്ന് ബിജെപി വ്യക്തമാക്കി.

നേരത്തേ വി.കെ.ശശികലയ്ക്ക് 130 എംഎൽഎ മാരുടെ പിന്തുണയുണ്ടെന്ന് പറഞ്ഞ സുബ്രഹ്മണ്യം സ്വാമി, അവരെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഗവർണറെ കാണാൻ ചെന്ന ശശികലയാണ് 130 എംഎൽഎ മാരുടെ പിന്തുണ അറിയിച്ചുള്ള കത്ത് ഗവർണർക്ക് നൽകിയത്. അതിനർത്ഥം പനീർശെൽവത്തിന് പിന്തുണ ഇല്ലെന്നാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ബിജെപി കേന്ദ്ര നേതൃത്വം നേരത്തേ തന്നെ പനീർശെൽവത്തെ പിന്തുണയ്‌ക്കാനുള്ള തീരുമാനത്തിലാണെന്ന് ആലോചനകൾ ഉണ്ടായിരുന്നു. ഈ ഘട്ടത്തിൽ ശശികല കോൺഗ്രസ് പിന്തുണ തേടിയിരുന്നു. എന്നാൽ കോൺഗ്രസ് ഇത് നിരസിക്കുകയും അതേസമയം ബിജെപി പരസ്യപ്രതികരണവുമായി മുന്നോട്ട് വരികയും ചെയ്തില്ല.

സുബ്രഹ്മണ്യം സ്വാമിയുടെ നിലപാട് തള്ളി ബിജെപി സംസ്ഥാന ഘടകം മുന്നോട്ട് വന്നതോടെ ബിജെപി പിന്തുണ പനീർശെൽവം പക്ഷത്തിനാണെന്ന് ഏറെക്കുറെ വ്യക്തമായി. ഈ സാഹചര്യത്തിൽ കൂടുതൽ എംപി മാർ പനീർശെൽവത്തിനൊപ്പം വരുമെന്നാണ് കരുതപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook