ന്യൂഡൽഹി: അസം പൗരത്വ രജിസ്റ്ററില്‍ പ്രതിഷേധം കനക്കുമ്പോള്‍ പ്രകോപനപരമായ പരാമര്‍ശവുമായി ബിജെപി മന്ത്രി. ദേശീയ പൗരത്വ രജിസ്റ്ററില്‍ ബിജെപിക്ക് അതൃപ്തിയുണ്ടെന്ന് പറഞ്ഞ ബിജെപി നേതാവും അസം ധനകാര്യ മന്ത്രിയുമായ ഹിമാന്ദ ബിശ്വ ശര്‍മ്മയുടെ പ്രസ്താവനക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് ഉടലെടുത്തിരിക്കുന്നത്.

നിയമപരമായുള്ള ഹിന്ദു കുടിയേറ്റക്കാര്‍ക്കൊപ്പം ബിജെപി നില്‍ക്കുമെന്ന് ബിശ്വ ശര്‍മ ശനിയാഴ്ച പറഞ്ഞു. ഈ പ്രസ്താവനയാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. എന്‍ആര്‍സി പട്ടികയില്‍ ഹിന്ദു കുടിയേറ്റക്കാരെ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അതിനെ ബിജെപി പിന്തുണക്കുമെന്നും ശര്‍മ പറഞ്ഞിരുന്നു. നിയമപരമായുള്ള ഹിന്ദു കുടിയേറ്റക്കാരെ ബിജെപി സഹായിക്കുമെന്ന് പറഞ്ഞ ശര്‍മ പൗരത്വ രജിസ്റ്ററിലുള്ള അതൃപ്തിയും കഴിഞ്ഞ ദിവസം പരസ്യമാക്കിയിരുന്നു.

Read Also: അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്

19 ലക്ഷം പേരെ പുറത്താക്കി കൊണ്ടുള്ള പട്ടികയില്‍ പിഴവുണ്ടെന്നും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നും പറഞ്ഞ ശർമ ഹിന്ദു കുടിയേറ്റക്കാരുടെ കാര്യത്തിൽ വ്യത്യസ്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതാണ് പ്രതിഷേധങ്ങൾക്ക് കാരണം. സംസ്ഥാന സര്‍ക്കാര്‍ പട്ടികയുടെ റിവെരിഫിക്കേഷനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“എന്‍ആര്‍സി അസമിലെ ജനങ്ങളുടെ പ്രതീക്ഷ പൂര്‍ത്തീകരിച്ചില്ല. പുറത്താക്കിയ 19 ലക്ഷം പേരില്‍ 3.80 ലക്ഷം പേര്‍ അപ്പീല്‍ കൊടുക്കാന്‍ ആ്ഗ്രഹിക്കാത്തവരോ മരിച്ചവരോ ആണ്. അപ്പോള്‍ അത് 15 ലക്ഷമാകും. ഇതില്‍ 5.6 ലക്ഷം പേര്‍ 1971 ല്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണ്. 1971 ന് മുമ്പ് നല്‍കിയ അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ് എന്‍ആര്‍സി പരിഗണിച്ചിട്ടില്ല. അത് ട്രിബ്യൂണലാണ് പരിഗണിക്കുക. ഇതോടെ 11 ലക്ഷമാകും. കുറേപ്പേരുടെ മാതാപിതാക്കള്‍ പട്ടികയിലുണ്ട്, മക്കള്‍ പുറത്തുമാണ്. അവര്‍ കൂടി ചേരുമ്പോള്‍ പുറത്താക്കപ്പെട്ടവരുടെ എണ്ണം 6-7 ലക്ഷമാകും” ശർമ ശനിയാഴ്ച പറഞ്ഞു.

ഇന്നലെ പ്രസിദ്ധീകരിച്ച പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാര്‍. പട്ടികയിൽ നിന്ന് പുറത്തായ 19 ലക്ഷം പേർക്ക് അപ്പീൽ
പോകാൻ സാധിക്കും. പൗരത്വ രജിസ്റ്റർ പുറത്തിറക്കിയ സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് അസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook