ന്യൂഡൽഹി: എന്‍ഡിഎയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ ട്വിറ്ററിലൂടെ വിമര്‍ശിച്ച പ്രമുഖ മാധ്യമ പ്രവര്‍ത്തക റാണാ അയൂബിനെതിരെ ബിജെപി പരാതി നൽകി. ബിജെപി വക്താവായ നൂപുര്‍ ശര്‍മയാണ് പൊലീസില്‍ പരാതി നല്‍കിയത്.

പ്രതിഭ പാട്ടീലാണ് ഏറ്റവും മോശം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോയെന്നാണ് കോവിന്ദയെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചയുടന്‍ റാണാ അയൂബ് ട്വീറ്റ് ചെയ്തത്.

റാണാ അയൂബിന്‍റെ ട്വീറ്റ് അത്യന്തം ആക്ഷേപകരവും അപകീര്‍ത്തികരവും അപമാനകരവുമാണെന്ന് ബിജെപി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശര്‍മയുടെ പരാതി ബിജെപി ട്വീറ്റ് ചെയ്തു.

പട്ടികവര്‍ഗക്കാരെ അടച്ചാക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ റാണാ അയൂബിനെതിരെ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക നിയമപ്രകാരം കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

അതേസമയം, നൂപുർ ശർമയുടെ പരാതിക്കെതിരെയും റാണാ അയൂബ് രംഗത്തെത്തി. ‘പ്രിയപ്പെട്ട നൂപുർ, നിങ്ങളുടെ പബ്ലിസിറ്റി സ്റ്റണ്ട് കഴിഞ്ഞെങ്കിൽ ‘ഗുജറാത്ത് ഫയൽസി’ന്റെ ഒരു പതിപ്പ് ഞാൻ അയച്ചു തരാം. നിങ്ങളുടെ നേതാക്കളെ സംബന്ധിച്ച ചില പ്രധാന കാര്യങ്ങൾ അതിനകത്തുണ്ട്’ എന്നായിരുന്നു പരിഹാസ രൂപേണ റാണാ പ്രതികരിച്ചത്.

മോദിയുടെ ഭരണത്തിന് കീഴില്‍ ഗുജറാത്തില്‍ അരങ്ങേറിയ ആസൂത്രിത വംശഹത്യയുടേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പൊലീസ് അതിക്രമങ്ങളുടെയും അറിയാക്കഥകള്‍ വിവരിക്കുന്ന റാണാ അയൂബിന്റെ പുസ്തകമാണ് ഗുജറാത്ത് ഫയൽസ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ