ന്യൂഡൽഹി: ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നീ അഞ്ചു സംസ്ഥാനങ്ങളിൽ ഈ വർഷം നടന്ന തിരഞ്ഞെടുപ്പുകൾക്കായി ബിജെപി ചെലവഴിച്ചത് 344.27 കോടി രൂപ. 2017 നെ അപേക്ഷിച്ച് ഏകദേശം 58 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2017 ൽ ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കായി 218.26 കോടി രൂപയാണ് പാർട്ടി ചെലവഴിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് റിപ്പോർട്ടുകളുടെ വിശകലനത്തിൽ കാണിക്കുന്നു.
ഈ 5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾക്കായി ചെലവിട്ട പണത്തിൽ കോൺഗ്രസിലും വർധനവുണ്ടായിട്ടുണ്ട്. 2022 ൽ 194.80 കോടിയാണ് കോൺഗ്രസ് ചെലവഴിച്ചത്. 2017 ൽ ചെലവഴിച്ച 108.14 കോടിയെക്കാൾ 80 ശതമാനം കൂടുതലാണിത്.
യുപിയിലാണ് ബിജെപി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത്, 221.32 കോടി. അവിടെ കുറഞ്ഞ ഭൂരിപക്ഷത്തോടെ പാർട്ടി അധികാരത്തിൽ തിരിച്ചെത്തി. 2022 ലെ യുപിയിലെ തിരഞ്ഞെടുപ്പ് ചെലവ് 2017 ലെ 175.10 കോടി രൂപയേക്കാൾ 26 ശതമാനം കൂടുതലാണ്. എന്നാൽ, പഞ്ചാബിലും ഗോവയിലുമാണ് തിരഞ്ഞെടുപ്പ് ചെലവ് കുത്തനെ ഉയർന്നത്.

2022ൽ ബിജെപി പഞ്ചാബിൽ 36.70 കോടി രൂപ ചെലവഴിച്ചു. എന്നാൽ, 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അതിന്റെ അഞ്ചിരട്ടിയാമ് ചെലവാക്കിയത്, 7.43 കോടി രൂപ. എന്നിട്ടും, 2017 ൽ ഒരു സീറ്റാണെങ്കിൽ, ഇത്തവണ രണ്ട് സീറ്റുകൾ മാത്രമാണ് പാർട്ടിക്ക് നേടാനായത്. ഈ വർഷത്തെ തിരഞ്ഞെടുപ്പിൽ ഗോവയിൽ പാർട്ടി 19.07 കോടി രൂപ ചെലവഴിച്ചു, 2017 ൽ ചെലവിട്ടതിനെക്കാൾ നാലിരട്ടി, 4.37 കോടി രൂപ.
മണിപ്പൂരിൽ 23.52 കോടി( 2017 ൽ 7.86 കോടി), ഉത്തരാഖണ്ഡിൽ 43.67 കോടി (2017 ൽ 23.48 കോടി)യുമാണ് 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ചെലവഴിച്ചത്. ഗോവ, മണിപ്പൂർ, ഉത്തരാഖമ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തി.
നേതാക്കളുടെ യാത്രകൾക്കും, പൊതുയോഗങ്ങൾ, ജാഥകൾ, പരസ്യങ്ങൾ എന്നിവയ്ക്കാണ് അഞ്ച് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ മൊത്തം തിരഞ്ഞെടുപ്പ് ചെലവിന്റെ കൂടുതലും വിനിയോഗിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വെർച്വൽ പ്രചാരണത്തിനായി 12 കോടി രൂപ പാർട്ടി ചെലവഴിച്ചു.
കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ സംസ്ഥാനതല കണക്കുകൾ ലഭ്യമല്ല. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ/ആപ്പുകൾ എന്നിവയിലൂടെയുള്ള വെർച്വൽ പ്രചാരണത്തിനായി 15.67 കോടി രൂപ ചെലവഴിച്ചതായി കോൺഗ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ വോട്ടെടുപ്പ് പ്രഖ്യാപിച്ച തീയതി മുതൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെ പണമായോ ചെക്കായോ ഡ്രാഫ്റ്റായോ ശേഖരിച്ച എല്ലാ ഫണ്ടുകളുടെയും അക്കൗണ്ട് സൂക്ഷിക്കേണ്ടതുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 75 ദിവസത്തിനുള്ളിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് 90 ദിവസത്തിനുള്ളിലും അവർ തങ്ങളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കേണ്ടതുണ്ട്.