കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡൊ യാത്ര മാത്രമല്ല അദ്ദേഹത്തിന്റെ വസ്ത്രധാരണം പോലും സജീവ ചര്‍ച്ചയാവുകയാണിപ്പോള്‍. ഉത്തരേന്ത്യയിലെ കൊടും തണുപ്പില്‍ ടി ഷര്‍ട്ട് ധരിച്ചാണ് രാഹുല്‍ ഭാരത് ജോഡൊ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.
എന്നാല്‍ രാഹുല്‍ തെര്മല്സിന് (തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഉപയോഗിക്കുന്ന വസ്ത്രം) പുറത്താണ് ടി ഷര്‍ട്ട് ധരിച്ചിരിക്കുന്നതെന്നും ഇത് അദ്ദേഹത്തിന്റെ കള്ള പ്രചാരണങ്ങളുടെ ഉദാഹരണമാണെന്നുമാണ് ബിജെപിയുടെ വ്യാഖ്യാനം. ചിത്രങ്ങള്‍ ഉള്‍പ്പടെ നിരത്തിയാണ് ബിജെപി നേതാവിന്റെ വിമര്‍ശനം.
മുന്‍ ഡല്‍ഹി എംഎല്‍എയും ബിജെപി നേതാവുമായ മജീന്ദര്‍ സിങ് സിര്‍സയാണ് രാഹുലിന്റെ വസ്ത്രത്തിന്റെ കോളര്‍ സൂം ചെയ്ത ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
“പൂച്ച പുറത്തു ചാടിയിരിക്കുന്നു. കയ്യില്ലാത്ത തെര്മല്സിന് മുകളില്‍ ടി ഷര്‍ട്ട് ധരിച്ചിരിക്കുന്നു. നുണയന്റെ കള്ള പ്രചാരണത്തിന്റെ തെളിവ്. ശൈത്യകാലത്ത് തണുപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്. ശ്രദ്ധ നേടാനുള്ള വെറും കാട്ടിക്കൂട്ടലുകളാണിത്,” ബിജെപി നേതാവ് ട്വീറ്റ് ചെയ്തു.
ബിജെപി പ്രവർത്തകയാണെന്ന് സ്വയം പരിചയപ്പെടുത്തുന്ന പ്രീതി ഗാന്ധിയും മജീന്ദറിന്റെ വാദം ഏറ്റുപിടിച്ചു. തപസ്വി തെർമൽസ് ധരിച്ചിരിക്കുന്നു എന്നാണ് പ്രീത പ്രതികരിച്ചത്.
എന്നാല്‍ ബിജെപിക്ക് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് എത്തി. “ഭക്തര്‍ക്ക് മറ്റ് നിര്വാഹമില്ലാതായിരിക്കുകയാണ്. അവര്‍ രാഹുല്‍ ഗാന്ധിയുടെ കഴുത്ത്, നെഞ്ച്, ചുളിവുകള്‍ എന്നിവയുടെ ചിത്രങ്ങള്‍ സൂം ചെയ്ത് സ്ക്രീന്‍ഷോട്ടുകള്‍ എടുക്കുകയാണ്. ഇവരുടെ ഒരു കാര്യം,” സുപ്രിയ ട്വീറ്റ് ചെയ്തു.
രാഹുലിനെ ജനക്കൂട്ടം ആലിംഗനം ചെയ്യുന്നതിന്റെ കാര്‍ട്ടൂണ്‍ ചിത്ര കോൺഗ്രസ് സേവാദൾ ട്വീറ്റ് ചെയ്തു. “ഇന്ത്യയിലെ ജനങ്ങളുടെ സ്നേഹത്തിന്റെ ഊഷ്മളത ടി ഷര്‍ട്ട് ധരിച്ച് നടക്കുമ്പോള്‍ രാഹുലിന് തണുപ്പ് അനുഭവപ്പെടാന്‍ അനുവദിക്കുന്നില്ല,” കോണ്‍ഗ്രസ് സേവാഗള് ട്വീറ്റ് ചെയ്തു.
ഭാരത് ജോഡൊ യാത്രയില്‍ രാഹുലിന്റെ വസ്ത്രധാരണം വിമര്‍ശനത്തിനായി ബിജെപി ഉപയോഗിക്കുന്നത് ആദ്യമായല്ല. യാത്രയുടെ തുടക്കത്തില്‍ 41,000 രൂപയുടെ ബര്‍ബറി ടി ഷര്‍ട്ട് ധരിച്ചതിനായിരുന്നു ആദ്യ വിമര്‍ശനം.
സൽമാൻ ഖുർഷിദിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ രാഹുലിനെ “തപസ്വി (സന്യാസി)” എന്നാണ് വിശേഷിപ്പിച്ചത്. തണുപ്പിനെ ഭയപ്പെടാത്തതിനാൽ തനിക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലെന്ന് രാഹുല്‍ ഡല്‍ഹിയില്‍ വച്ച് പറഞ്ഞിരുന്നു.