മുംബൈ: രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം പങ്കിടുന്ന പ്രശ്‌നമില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. താന്‍ തന്നെയായിരിക്കും അടുത്ത അഞ്ച് വര്‍ഷവും മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവു കൂടിയായ ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ ബിജെപിയും ശിവസേനയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഇരു പാര്‍ട്ടികളും തമ്മില്‍ സമവായത്തിലെത്താത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരണം വഴിമുട്ടിയിരിക്കുകയാണ്.

അധികാരം തുല്യമായി വിഭജിക്കുക എന്ന ആവശ്യം തള്ളിയതോടെ സർക്കാർ രൂപീകരണത്തിന് ഇന്നു ബിജെപിയുമായി നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച ശിവസേന റദ്ദാക്കി. ബിജെപി എംഎൽഎമാരുടെ യോഗത്തിൽ ഇന്ന് പങ്കെടുക്കേണ്ടിയിരുന്ന പാർട്ടി അധ്യക്ഷൻ അമിത് ഷാ മുംബൈ യാത്ര മാറ്റിവച്ചു. അതേസമയം, ഫഡ്‌നാവിസിനെ നിയമസഭാ കക്ഷി നേതാവായി ബിജെപി ഇന്നു തിരഞ്ഞെടുക്കാനാണ് സാധ്യത.

ബിജെപി-ശിവസേന തർക്കം നിരീക്ഷിക്കുകയാണ് കോൺഗ്രസും എൻസിപിയും. തങ്ങൾ പ്രതിപക്ഷത്തു തന്നെ ഇരിക്കുമെന്നും സേനയുമായി കൂട്ടുകൂടി സർക്കാർ രൂപീകരിക്കില്ലെന്നും കോൺഗ്രസ് പറയുന്നുണ്ട്.

Read Also: കശ്‌മീർ ജനതയുടെ എല്ലാ അവകാശങ്ങളും പുനസ്ഥാപിക്കണം: യുഎന്‍

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം തികയ്ക്കാൻ കഴിഞ്ഞിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ബിജെപി 122 സീറ്റില്‍ നിന്നും 105 സീറ്റിലേക്ക് ചുരുങ്ങിയിരുന്നു. ശിവസേനയ്ക്ക് ലഭിച്ചത് 56 സീറ്റുകളാണ്. ഇതോടെയാണ് അധികാരത്തിലെത്താൻ ബിജെപിക്ക് ശിവസേനയെ ആശ്രയിക്കേണ്ടി വന്നത്.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുമ്പോൾ 50:50 ഫോർമുലയിലൂടെ അധികാരം തുല്യമായി പങ്കിടണമെന്നാണ് ശിവസേനയുടെ ആവശ്യം. എന്നാല്‍, ശിവസേനയുടെ സമ്മര്‍ദത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നാണ് ബിജെപിയുടെ നിലപാട്. ഉപമുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് നല്‍കാമെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എങ്കിലും മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി ശിവസേന ചരടുവലികള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.

മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷം വീതമായി പങ്കിടണമെന്നാണ് ശിവസേന പറയുന്നത്. തിരഞ്ഞെടുപ്പിന് മുന്‍പ് അമിത് ഷാ ശിവസേന നേതാവ് ഉദ്ധവ് താക്കറെയ്ക്ക് ഇത് ഉറപ്പ് നല്‍കിയിരുന്നുവെന്നാണ് ശിവസേന പറയുന്നത്. 50-50 ഫോര്‍മുല സ്വീകരിച്ചില്ലെങ്കില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേറെ വഴിയുണ്ടെന്നാണ് ഉദ്ധവ് താക്കറെ പറയുന്നത്.

50-50 ഫോർമുല അംഗീകരിക്കാൻ ബിജെപി തയ്യാറല്ല. ഇങ്ങനെയൊരു പോളിസിയെ കുറിച്ച് ചർച്ച ചെയ്യേണ്ട ആവശ്യം പോലുമില്ലെന്നാണ് ബിജെപി പറയുന്നത്. രണ്ട് പാർട്ടികൾക്കും ലഭിച്ച സീറ്റുകളുടെ എണ്ണം ഒരുപോലെയാണെങ്കിൽ മാത്രമാണ് 50-50 ഫോർമുലയെ കുറിച്ച് ആലോചിക്കേണ്ട ആവശ്യമുള്ളൂ എന്നാണ് ബിജെപി പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook