ന്യൂഡൽഹി: ഉത്തർപ്രദേശിനും ഉത്തരാഖണ്ഡിനും പിന്നാലെ ഗോവയിലും മണിപ്പൂരിലും ബി.ജെ.പി ഭരണത്തിലേക്ക്. ഗോവയില്‍ 40 അംഗ മന്ത്രിസഭയിൽ 22 പേരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി അറിയിച്ചു. ഇതിന്റെ ഭാഗമായി കേന്ദ്രപ്രതിരോധ മന്ത്രിസ്ഥാനം മനോഹർ പരീക്കർ രാജിവച്ചതായാണ് സൂചന. പരീക്കർ ഗോവ മുഖ്യമന്ത്രിയാവും.

എം.ജി.പിയും ജി.എഫ്.പിയും മൂന്ന് സ്വതന്ത്രരും തങ്ങളെ പിന്തുണയ്ക്കുമെന്ന് ബി.ജെ.പി അറിയിച്ചു. 40 അംഗം നിയമസഭയിൽ 14 സീറ്റാണ് ബി.ജെ.പി നേടിയത്. 21 പേരുടെ പിന്തുണയാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. നിലവിൽ ബി.ജെ.പിക്ക് ഒരു സ്വതന്ത്രന്റെ കൂടി പിന്തുണയുണ്ട്. 17 സീറ്റ് നേടിയ കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും (എംജിപി), ഗോവ ഫോർവേഡ് പാർട്ടിയും ഗോവയിൽ മൂന്നു സീറ്റുകൾ വീതം നേടിയിട്ടുണ്ട്. സ്വതന്ത്രന്മാർക്കും മൂന്നു സീറ്റുണ്ട്.

മണിപ്പൂരില്‍ 31 പേരുടെ പിന്തുണയുണ്ടെന്നും ബിജെപി അറിയിച്ചു. ഇതോടെ ബിജെപി അംഗങ്ങള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയാണ്.

2012ൽ ഗോവയിൽ പരീക്കറുടെ നേതൃത്വത്തിലായിരുന്നു ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നീട് 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ ബി.ജെ.പി അധികാരത്തിൽ എത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്കറിനെ പ്രതിരോധ മന്ത്രിയാക്കി. തുടർന്ന് ലക്ഷ്മികാന്ത് പർസേക്കർ മുഖ്യമന്ത്രിയായി. എന്നാൽ, പർസേക്കർ തിരഞ്ഞെടുപ്പിൽ ദയനീമായി പരാജയപ്പെടുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ