ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം ബിജെപിയുടെ നീക്കങ്ങളാണെന്ന് കോണ്‍ഗ്രസ് ലോക്‌സഭയില്‍. ബിജെപി കുതിരക്കച്ചവടം നടത്തുകയാണെന്നും ജനാധിപത്യ വ്യവസ്ഥയെ പണം കൊണ്ട് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കോണ്‍ഗ്രസ് ലോക്‌സഭയില്‍ ആരോപിച്ചു. ശൂന്യവേളയിലാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ആരോപണം ഉന്നയിച്ചത്. വിഷയം ശൂന്യവേളയില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല. സ്വതന്ത്ര എംഎല്‍എമാരെ രാജിവയ്പിച്ച് അധികാരം പിടിക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് എംപിമാര്‍ പറഞ്ഞു.

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബിജെപിക്കെതിരെ വിമര്‍ശനമുന്നയിച്ചു. കര്‍ണാടകയില്‍ നടക്കുന്ന കാര്യങ്ങളില്‍ പങ്കില്ലെന്നാണ് ബിജെപി പറയുന്നത്. എന്നാല്‍, രാജിവച്ച എംഎല്‍എമാര്‍ രാജ്‌ഭവന് പുറത്തേക്ക് വരുമ്പോള്‍ അവര്‍ക്കായി പുറത്ത് കാര്‍ സൗകര്യം തയ്യാറായി നില്‍ക്കുന്നുണ്ടാകും. അവര്‍ക്ക് വേണ്ടി വിമാന സൗകര്യവും തയ്യാറാക്കി നിർത്തും. കുതിരക്കച്ചവടം അവസാനിപ്പിക്കണം. ഇന്ന് കര്‍ണാടകയിലാണെങ്കില്‍ നാളെ മധ്യപ്രദേശില്‍ ഇത് നടക്കുമെന്നും ചൗധരി പറഞ്ഞു.

കര്‍ണാടക വിഷയം ഉന്നയിച്ച് പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് എംപിമാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഭ വിട്ടിറങ്ങി. ഡിഎംകെ അംഗങ്ങളും ഇവരെ അനുഗമിച്ചു.

എന്നാൽ, കർണാടകയിലേത് ആഭ്യന്തര പ്രശ്നങ്ങളാണെന്നാണ് ബിജെപിയുടെ വാദം. തങ്ങൾക്കെതിരായ ആരോപണങ്ങളെ ബിജെപി തള്ളി കളയുന്നുണ്ട്. കോൺഗ്രസിലെ തന്നെ പ്രശ്നങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കഴിഞ്ഞ ദിവസം യെഡിയൂരപ്പ പറഞ്ഞത്. തങ്ങൾക്ക് സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും ബിജെപി അവകാശപ്പെടുന്നുണ്ട്. സിദ്ധരാമയ്യയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും ബിജെപി ആരോപിക്കുന്നുണ്ട്. കോൺഗ്രസിൽ തന്നെ സിദ്ധരാമയ്യക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ അതിന്റെ ചുവടുപിടിച്ചാണ് ബിജെപിയുടെ രാഷ്ട്രീയ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook