ജൽപൈഗുരി: കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ വനിതാ വിഭാഗം നേതാവിനെ സി.ഐ.ഡി അറസ്റ്റു ചെയ്തു. ബി.ജെ.പിയുടെ വനിതാ നേതാവ് ജൂഹി ചൗധുരിയാണ് ഇന്ത്യ-നേപ്പാൾ അതിർത്തിയിലെ ബതാസിയയിൽ നിന്ന് അറസ്റ്റിലായത്. ബിജെപിയുടെ മഹിളാ മോര്‍ച്ചയുടെ സംസ്ഥാന സെക്രട്ടറി ആണ് ജൂഹി.

കുട്ടികളെ അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ട് മറ്റ് നാല് പേരേയും അറസ്റ്റ് ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു എൻ.ജി.ഒ സംഘടനയുടെ ചീഫ് ഓഫീസറായ സോണാലി മണ്ഡൽ, ചെയർപേഴ്സൻ മാനസ് ഭൗമിക്, ഇവരുടെ സഹോദരൻ എന്നിവരേയും നേരത്തെ സി.ഐ.ഡി അറസ്റ്റു ചെയ്തിരുന്നു. ഒരു വയസിനും 14 വയസിനും ഇടയിലുള്ള 17 കുട്ടികളെ വിദേശികൾക്ക് വിറ്റു എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൂടുതല്‍ തെളിവെടുപ്പുകള്‍ക്കായി ജൂഹിയെ ജല്‍പൈഗുരിയിലേക്ക് കൊണ്ടു വന്നു. തുടര്‍ന്ന് ഇന്ന് തന്നെ ജില്ലാ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐഡി അറിയിച്ചു.

കൊൽക്കത്തയുടെ തെക്കൻ പ്രദേശങ്ങളിൽ കഴിഞ്ഞ വർഷം നവംബറിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് കുട്ടിക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ബെഹാലയിലെ നോർത്ത് 24 പർഗാനസ് ജില്ലയിലെ വിവിധ വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയും പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അറസ്റ്റിലായതിന് പിന്നാലെ ജൂഹിയെ ബിജെപിയില്‍ നിന്നും പുറത്താക്കിയതായി ബിജെപി ബംഗാള്‍ ഘടകം അറിയിച്ചു. മഹിളാ മോര്‍ച്ച സെക്രട്ടറി സ്ഥാനത്ത് നിന്ന് ജൂഹിയേയും, സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജൂഹിയുടെ പിതാവിനേയും നീക്കം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ