ന്യൂഡല്‍ഹി: ഇന്ത്യയുടെ ജനാധിപത്യത്തെയും പാര്‍ലമെന്റിനെയും രാഷ്ട്രീയ വ്യവസ്ഥയെയും ലണ്ടനില്‍ രാഹുല്‍ ഗാന്ധി അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ത്യൻ ജനാധിപത്യത്തെയും ഇന്ത്യൻ രാഷ്ട്രീയത്തെയും ഇന്ത്യന്‍ പാര്‍ലമെന്റിനെയും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെയും നാണം കെടുത്താനാണ് രാഹുല്‍ ഗാന്ധി ശ്രമിച്ചതെന്ന് ബിജെപി വളരെ വേദനയോടെ പറയാന്‍ ആഗ്രഹിക്കുന്നു. ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഒരു വിദേശ രാജ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന വിഷയത്തില്‍ ഇന്ത്യയുടെ സമവായത്തിന്റെ ആത്മാവിനെ വ്രണപ്പെടുത്താന്‍ വിദേശത്ത് നിന്ന് രാഹുല്‍ ഗാന്ധി ശ്രമിച്ചത് തികച്ചും ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രവിശങ്കര്‍ പ്രസാദിന്റെ ആരോപണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാഹുലിന്റെ പ്രസ്താവനയെ ബിജെപി വളച്ചൊടിക്കുകയും കള്ളം പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തില്‍ ബിജെപി രാജ്യത്തെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതും ഇന്ത്യയുടെ ജനാധിപത്യ തത്വങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
”ഇന്ത്യന്‍ ജനാധിപത്യം സമ്മര്‍ദത്തിലാണ്, ആക്രമണം നേരിടുകയാണ്. ഞാന്‍ ഇന്ത്യയിലെ ഒരു പ്രതിപക്ഷ നേതാവാണ്, ജനാധിപത്യത്തിന് ആവശ്യമായ വ്യവസ്ഥാപിത ചട്ടക്കൂട് – പാര്‍ലമെന്റ്, ഒരു സ്വതന്ത്ര മാധ്യമം, ജുഡീഷ്യറി – സംഘട്ടനത്തിന്റെ ആശയം, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ആശയം ഇവയെല്ലാം പരിമിതപ്പെടുത്തുന്നു എന്നതാണ് സംഭവിക്കുന്നത്. അതിനാല്‍, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനയ്ക്കെതിരായ ആക്രമണമാണ് ഞങ്ങള്‍ നേരിടുന്നത്,” രാഹുല്‍ ഗാന്ധി തന്റെ പ്രസംഗത്തിനിടെ പറഞ്ഞു.
”രവിശങ്കര്‍ പ്രസാദും അദ്ദേഹത്തിന്റെ നേതാവും അവര്‍ക്ക് ചെയ്യാവുന്നതിന്റെ മികച്ചത് ചെയ്യുന്നു, വളച്ചൊടിക്കുക, അപകീര്‍ത്തിപ്പെടുത്തുക, കള്ളം പറയുക,” കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററില്‍ കുറിച്ചു. ഭരണകക്ഷിയിലെ തൊഴില്‍ രഹിതനായ നേതാവ് പ്രസക്തിയും പുനര്‍ നിയമനവും തേടുന്നത് കാണുന്നതിനേക്കാള്‍ രസകരമായ മറ്റൊന്നില്ലെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം മേധാവി പവന്‍ ഖേര ട്വീറ്റ് ചെയ്തു.