ന്യൂഡല്‍ഹി: ബിജെപിയുടേത് ഏകാധിപത്യപരമായ മനോഭാവമാണെന്ന് പറഞ്ഞുകൊണ്ട് രാജസ്ഥാനില്‍ നിന്നുള്ള എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ പാര്‍ട്ടി അംഗത്വം രാജിവച്ചു. അല്‍വാര്‍ ജില്ലയിലെ രാംഗറില്‍ നിന്നും ഇത്തവണ മത്സരിക്കാന്‍ ഗ്യാന്‍ ദേവിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചിരുന്നു. എന്നാല്‍ താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ഗ്യാന്‍ ദേവ് വ്യക്തമാക്കി. ഇത്തവണ രാംഗറില്‍ നിന്നും സുഖ്വന്ത് സിങ്ങാണ് മത്സരിക്കുന്നത്.

‘ബിജെപിയുടെ ഏകാധിപത്യ മനോഭാവത്തോടുള്ള പ്രതിഷേധ സൂചകമായി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഞാന്‍ രാജിവച്ചു. ഹിന്ദുത്വ, ഗോക്കളുടെ സംരക്ഷണം, രാമ ജന്മഭൂമി എന്നിവയ്ക്കായി ഞാന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും,’ ഗ്യാന്‍ ദേവ് അഹൂജ പറഞ്ഞു.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിവാദ പരാമര്‍ശങ്ങളിലൂടെ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് അഹൂജ. 2016 ഫെബ്രുവരി മാസത്തില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയെ കുറിച്ച് നടത്തിയ പരമാര്‍ശം വലിയ വിവാദമായിരുന്നു. ക്യാംപസിനകത്തുനിന്നും 50,000 അസ്ഥികളും, 3,000 ഉപയോഗിച്ച കോണ്ടങ്ങളും, 500 അബോര്‍ഷന്‍ കിറ്റുകളും, 10,000 സിഗരറ്റ് കുറ്റികളും ദിവസേന കണ്ടെടുക്കാറുണ്ടെന്നും, സാംസ്‌കാരിക പരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും നഗ്നരായി നൃത്തം ചെയ്യുകയാണെന്നുമായിരുന്നു അന്ന് അഹൂജ പറഞ്ഞത്.

കൂടാതെ, 2017 ഏപ്രിലില്‍ ആല്‍വാറില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ പെഹ്ലു ഖാന്റെ മരണത്തില്‍ തനിക്ക് യാതൊരു കുറ്റബോധവുമില്ലെന്നും അഹൂജ പറഞ്ഞിരുന്നു.

‘നിയമം നമ്മള്‍ കൈയ്യിലെടുക്കരുത്. പക്ഷെ പശുക്കളെ കടത്തിക്കൊണ്ടുപോയി കൊല്ലുന്നവരുടെ മരണത്തില്‍ യാതൊരു കുറ്റബോധത്തിന്റേയും ആവശ്യമില്ല. പാപികളുടെ വിധി മുമ്പും ഇതുതന്നെ ആയിരുന്നു. ഇനിയും അത് തുടരും,’ എന്നായിരുന്നു അഹൂജയുടെ പ്രസ്താവന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook