ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് യുകെയില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുയാണ് ബിജെപി. രാഹുല്‍ ഗാന്ധി സഭയില്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ ലോക്സഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഭരണകക്ഷിയുടെ ആവശ്യം.
വയനാട് എംപിയായ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാനുള്ള സാധ്യതകള്‍ ആരായാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സ്പീക്കര്‍ ഓം ബിര്‍ളയെ സമീപിച്ചു. വിഷയം കേവലം ഒരു പ്രത്യേകാവകാശ പ്രശ്നമല്ല, അതിനപ്പുറമാണെന്നും ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെട്ട വിഷയത്തെ ബിജെപി വളരെ ഗൗരവത്തോടെയാണ് കാണുന്നത്, അതൊരു പ്രത്യേകാവകാശ പ്രശ്‌നത്തിനപ്പുറമാണെന്നാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ പറയുന്നത്. വിഷയം ”പ്രിവിലേജിന് അതീതമാണ്” എന്നും രാഹുലിനെതിരെ ലഭ്യമായ എല്ലാ സാധ്യതകളും നിയമങ്ങളും ഉപയോഗിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യവുമായി ബന്ധപ്പെട്ട എന്തും എല്ലാവര്‍ക്കും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കോണ്‍ഗ്രസിനോ അതിന്റെ നേതൃത്വത്തിനോ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങളുടെ പ്രശ്‌നമല്ല. എന്നാല്‍ അദ്ദേഹം രാജ്യത്തെ അപമാനിച്ചാല്‍ ഞങ്ങള്‍ക്ക് മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാവിരുദ്ധ ശക്തികളുടെ ഭാഷയ്ക്ക് സമാനമായ ഭാഷയാണ് രാഹുല്‍ ഗാന്ധിയും ഉപയോഗിച്ചത്. ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും ഭാഷയാണിത് കിരണ്‍ റിജിജു പറഞ്ഞു.
അതിനിടെ, ജനുവരിയില്‍ കശ്മീരില്‍ നടന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി പറഞ്ഞ ലൈംഗികാതിക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് നോട്ടീസ് അയച്ചു. രാഹുലിന്റെ പ്രസംഗവും സോഷ്യല്‍ മീഡിയ പോസ്റ്റുകളും പൊലീസ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.