കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി മാർച്ച് അക്രമാസക്‌തം. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ബിജെപി യുവമോർച്ച സംഘടിപ്പിച്ച മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം. സെക്രട്ടറിയേറ്റിലേക്ക് മാർച്ചായി എത്തിയ ബിജെപി പ്രവർത്തകർ പൊലീസിനു നേരെ അക്രമം അഴിച്ചുവിട്ടു. മാർച്ച് നിയന്ത്രിക്കാൻ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ബിജെപി പ്രവർത്തകർ ബോംബെറിയുകയും കല്ലെറിയുകയും ചെയ്തു. നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.

ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് തിരിച്ചടിച്ചു. ബിജെപി പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിക്കുകയും ചെയ്തു. പൊലീസുമായുള്ള സംഘർഷത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ രാജു ബാനർജി എന്നിവരടക്കമുള്ള പ്രവർത്തകർക്കും പരുക്കേറ്റു.

Read Also: ബീഹാർ തിരഞ്ഞെടുപ്പ്: എൻഡിഎയിൽ സീറ്റ് ധാരണ, ജെഡിയു 122 ഇടത്തും ബിജെപി 121 സീറ്റിലും

മമത സർക്കാരിനെതിരെയുള്ള പ്രതിഷേധമായാണ് സംസ്ഥാനത്ത് പലയിടത്തും ബിജെപി യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചത്. യുവജനമോർച്ചയുടെ പുതിയ ദേശീയ അധ്യക്ഷനായി ചുമതലയേറ്റ തേജ്വസി സൂര്യ അടക്കമുള്ള നേതാക്കൾ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നെന്നും മമത ബാനർജി സർക്കാർ ബിജെപിയുടെ സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ നോക്കുകയാണെന്നും യുവമോർച്ച നേതാക്കൾ ആരോപിച്ചു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഒത്തുചേരലും പ്രകടനങ്ങളും സർക്കാർ വിലക്കിയിട്ടുണ്ട്. സമാധാനപരമായി നൂറിൽ താഴെ ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധിക്കാൻ മാത്രമാണ് അനുമതിയുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook