ദക്ഷിണേന്ത്യയില്‍ അടിത്തറ വിപുലീകരിക്കാന്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മുന്‍പ് വലിയൊരു ദൗത്യമാണു ബി ജെ പിആവിഷ്‌കരിച്ചിരുന്നത്. അമിത് ഷായുടെ നേതൃത്വത്തിലായിരുന്നു ‘സൗത്ത് മിഷന്‍ ബ്ലൂപ്രിന്റ്’ തയാറാക്കിയത്. ആര്‍ എസ് എസിന്റെ പിന്‍ബലത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയും ലക്ഷ്യമിട്ട ദൗത്യം കേരളം, തമിഴ്നാട്, കര്‍ണാടക ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ സംഘം ശക്തമായ ശൃംഖല കണക്കിലെടുത്തുള്ളതായിരുന്നു.
മറ്റു പാര്‍ട്ടികളിലെ പ്രമുഖ നേതാക്കളെ കൊണ്ടുവരിക, മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ള സ്വന്തം നേതാക്കളെ അവതരിപ്പിക്കുക, ജനപ്രിയ സിനിമാ താരങ്ങളെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുക, പ്രാദേശിക പാര്‍ട്ടികളിലെ പിളര്‍പ്പ് ഉപയോഗപ്പെടുത്തുക എന്നിവ ഉള്‍പ്പെടുന്നതായിരുന്നു ‘സൗത്ത് മിഷന്‍ ബ്ലൂപ്രിന്റ്’. എന്നാല്‍ അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഇതിലെ പദ്ധതികളില്‍ ഭൂരിഭാഗവും ഇപ്പോഴും പ്രാവര്‍ത്തികമാക്കാന്‍ ബി ജെ പിക്കു കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ദക്ഷിണേന്ത്യയില്‍ സാന്നിധ്യം വ്യാപിപ്പിക്കാനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും ലക്ഷ്യമിട്ട് ദൗത്യത്തില്‍ ചില സുപ്രധാന മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണു ബി ജെ പി.
ദക്ഷിണേന്ത്യ വ്യത്യസ്തമായ രാഷ്ട്രീയ ഭൂപമാണെന്നും ഹിന്ദി ബെല്‍റ്റില്‍ നന്നായി പ്രവര്‍ത്തിച്ച തന്ത്രങ്ങളായ ഭിന്നിപ്പ് രാഷ്ട്രീയ പ്രതിച്ഛായയും ഹിന്ദുത്വവും ഇവിടെ വിലപ്പോവില്ലെന്നും ബി ജെ പി നേരത്തെ തന്നെ തിരിച്ചറിഞ്ഞ കാര്യമാണ്. അതിനൊപ്പം പരിമിതമായ അടിത്തറയ്ക്കപ്പുറത്തേക്കു പാര്‍ട്ടിയുടെ ആകര്‍ഷണം വിശാലമാക്കുന്നതിനു പ്രത്യയശാസ്ത്രപരമായ നിലപാടും ക്ഷേമ രാഷ്ട്രീയവും തമ്മിലുള്ള അതിര് ലംഘിക്കേണ്ടിവരുമെന്നും ബി ജെ പി തിരിച്ചറിയുന്നു.
അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മൂന്നിടത്തും പ്രാദേശിക പാര്‍ട്ടികളാണു രാഷ്ട്രീയ ഇടങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഈ പ്രാദേശിക പാര്‍ട്ടികളെ നേരിടാന്‍ ബി ജെ പി അവരുടെ പ്രധാന രാഷ്ട്രീയതന്ത്രമായ കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരായ നിലപാടില്‍നിന്ന് പിന്നോട്ടുപോയി.
കോണ്‍ഗ്രസ് മുക്ത ഭാരതം, അഴിമതി രഹിത ഇന്ത്യ എന്നിവയാണ് 2014 മുതല്‍ ബി ജെ പിയുടെ പ്രധാന മുദ്രാവാക്യങ്ങള്‍. ഇതു 2024 ലേക്കുള്ള പാതയില്‍ ‘കുടുംബാധിപത്യ മുക്ത ഭാരതം’ എന്ന മുദ്രാവാക്യത്തിന്റെ ഭാഗമാകും. ഈ തന്ത്രം, യുവാക്കളില്‍ പ്രധാനമായും കുടുംബാധിപത്യ ഭരണത്തിനെതിരായ വികാരം ജ്വലിപ്പിക്കുമെന്ന് ബി ജെ പി കരുതുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രസംഗങ്ങളില്‍ കുടുംബ രാഷ്ട്രീയത്തെ ഇടയ്ക്കിടെ ലക്ഷ്യമിടുന്നുണ്ട്. ഈ വര്‍ഷമാദ്യം ബി ജെ പിയുടെ 42-ാമതു സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു.
”അവര്‍ വ്യത്യസ്ത സംസ്ഥാനങ്ങളിലായിരിക്കാം, പക്ഷേ കുടംബാധിപത്യ രാഷ്ട്രീയത്തിന്റെ ചരടുകളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. പരസ്പരം അഴിമതി മൂടിവയ്ക്കുന്നു. ദേശീയ തലത്തിലും ചില സംസ്ഥാനങ്ങളിലും കുടുംബത്തിന്റെ താല്‍പര്യം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. കുടംബാധിപത്യ സര്‍ക്കാരുകളില്‍, തദ്ദേശ സ്ഥാപനം മുതല്‍ പാര്‍ലമെന്റ് വരെയുള്ള എല്ലാ കാര്യങ്ങളിലും കുടുംബാംഗങ്ങള്‍ക്കു നിയന്ത്രണമുണ്ട്… ഇത്തരം കുടുംബ പാര്‍ട്ടികള്‍ ഒരിക്കലും ഈ രാജ്യത്തെ യുവാക്കളെ പുരോഗതിയിലേക്ക് നയിച്ചിട്ടില്ല. അവര്‍ എന്നും ഈ പാര്‍ട്ടികളാല്‍ വഞ്ചിക്കപ്പെട്ടു,”എന്നാണു രാജ്യസ്നേഹത്തിനുപകരം ‘കുടുംബഭക്തിയുടെ രാഷ്ട്രീയം’ പിന്തുടരുന്ന കോണ്‍ഗ്രസിനെയും പ്രാദേശിക പാര്‍ട്ടികളെയും പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ മോദിക്കും ബി ജെ പിക്കും മുന്നിലുള്ള ഒരേ ഒരു കാര്യമാണിത്.
ഹൈദരാബാദില്‍ അടുത്തിടെ നടന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ ‘ഹിന്ദു പിന്തുണാ അടിത്തറ’ക്കപ്പുറത്തേക്കു പോകുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതു ബി ജെ പിയുടെ പതിവ് സ്വരത്തില്‍നിന്നു പൊടുന്നനെയുള്ള ദിശാമാറ്റമാണ്. മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഇടയിലുള്ള പിന്നോക്ക സമുദായങ്ങളെ ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി മോദി സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടതു തീര്‍ച്ചയായും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ്.
തിരഞ്ഞെടുപ്പ് നേട്ടം അപ്രാപ്യമായ സംസ്ഥാനങ്ങളില്‍ ബി ജെ പി സമീപനത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പാര്‍ട്ടി അധികാരത്തിലുള്ളതും സംഘടന ശക്തവുമായ കര്‍ണാടകയിലൊഴികെയുള്ള മറ്റൊരു സമീപനം ആവശ്യമാണെന്ന തിരിച്ചറിവിലാണു ബി ജെ പി. അതിനാല്‍, ഒരു സംസ്ഥാനം മുഴുവന്‍ കേന്ദ്രീകരിക്കുന്നതിനുപകരം മണ്ഡലങ്ങള്‍ തിരഞ്ഞെടുത്ത് കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടി അത്ര ശക്തമല്ലെങ്കിലും ആ മണ്ഡലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സാന്നിധ്യം ഉറപ്പാക്കേണ്ട ചുമതല മന്ത്രിമാര്‍ക്കായിരിക്കും. തിരഞ്ഞെടുക്കപ്പെട്ട മണ്ഡലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുവെന്ന് മന്ത്രിമാര്‍ ഉറപ്പാക്കണം.
ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ച കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, അശ്വിനി കുമാര്‍ ചൗബെ, ശോഭ കരന്ദ്ലജെ എന്നിവര്‍ക്കാണു. മന്ത്രി പ്രഹ്ലാദ് ജോഷിക്ക് തെലങ്കാനയിലെ മണ്ഡലങ്ങളുടെ ചുമതല.
തമിഴ്നാട്ടില്‍, പ്രബലമായ വണ്ണിയാര്‍മാരെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ഇതുവഴി സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗങ്ങളിലെ ഏതാനും മണ്ഡലങ്ങളില്‍ സമുദായത്തിന്റെ സ്വാധീനം മുതലെടുക്കാനാകുമെന്നാണു പ്രതീക്ഷ.
നൂറ്റമ്പതോളം ദുര്‍ബല മണ്ഡലങ്ങള്‍ ലക്ഷ്യമിട്ടുള്ള ‘പ്രവാസ്’ പ്രചാരണം ഉള്‍പ്പെടുന്ന പുതിയ തന്ത്രം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാന്നിധ്യം വിപുലീകരിക്കാനും കൂടുതല്‍ സീറ്റുകള്‍ നേടാനും ലക്ഷ്യമിടുന്നതാണ്.
ദക്ഷണിണേന്ത്യയില്‍ ആധിപത്യം നേടാനുള്ള ശ്രമങ്ങള്‍ കാര്യമായ ഫലം നല്‍കാത്ത സാഹചര്യത്തിലാണു ദൗത്യം പരിഷ്‌കരിച്ചിരിക്കുന്നത്.
തമിഴ്നാട്ടില്‍, രജനികാന്തിനെപ്പോലുള്ള ജനപ്രിയ താരത്തെ പാര്‍ട്ടിയിലെത്തിച്ചും എ ഐ എ ഡി എംകെയുടെ തോളിലേറിയും അധികാരത്തിലെത്താനുള്ള ശ്രമം പരാജയപ്പെട്ടു. അതുപോലെ, കേരളത്തില്‍, ഭാരത ധര്‍മ ജനസേന (ബി ഡി ജെ എസ്) വഴി ഒബിസി ഈഴവ സമുദായത്തെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ഉദ്ദേശിച്ചപോലെ നടന്നില്ല.
എന്നാല്‍ തെലങ്കാനയില്‍, ടി ആര്‍ എസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന്റെ മുന്‍ വിശ്വസ്തന്‍ എതേല രാജേന്ദറിനെ മത്സരിപ്പിച്ച് ഹുസുറാബാദ് നിയമസഭാ സീറ്റ് നേടാന്‍ കഴിഞ്ഞു. ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെ ഏതാനും മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, ബദല്‍ ശക്തിയായി ഉയര്‍ന്നുവരാനുള്ള ശക്തമായ സാധ്യത ബി ജെ പി കാണുന്ന സംസ്ഥാനമാണ് തെലങ്കാന.
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റുമാരിലെരാളായ പി ടി ഉഷ (കേരളം), സംഗീതജ്ഞന്‍ ഇളയരാജ (തമിഴ്നാട്), ജീവകാരുണ്യ പ്രവര്‍ത്തകന്‍ വീരേന്ദ്ര ഹെഗ്‌ഡെ, തിരക്കഥാകൃത്ത് കെ വി വിജയേന്ദ്ര പ്രസാദ് (ആന്ധ്രാപ്രദേശ്) എന്നിവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടുള്ള പുതിയ ദൗത്യത്തിന്റെ ഭാഗമാണ്.
”ദക്ഷിണേന്ത്യക്കാരെ ബി ജെ പി ഉള്‍ക്കൊള്ളണം. ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരും വ്യത്യസ്ത മേഖലകളില്‍ സംഭാവന ചെയ്യുന്നുണ്ടെന്ന് ഇന്ത്യ അറിയണം,” ഒരു ഉന്നത ബി ജെ പി നേതാവ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ക്കും പൗരന്മാര്‍ക്കും സ്ഥാനങ്ങളും ബഹുമതികളും (പത്മ അവാര്‍ഡുകള്‍ ഉള്‍പ്പെടെ) പ്രാപ്യമാക്കാനുള്ള ഭരണകക്ഷിയുടെ ശ്രമങ്ങളുടെ ഭാഗമാണു പുതിയ നീക്കമെന്നു വിശദീകരിക്കുമ്പോള്‍ തന്നെ, ഇത് ദക്ഷണിണേന്ത്യയില്‍ പാര്‍ട്ടിക്കു കൂടുതല്‍ സ്വീകാര്യതയുണ്ടാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം സമ്മതിച്ചു.