ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ട് കുമാരസ്വാമി സര്‍ക്കാര്‍ നിലംപതിച്ചെങ്കിലും സംസ്ഥാനത്ത് ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ്. ബിജെപിക്കെതിരെ പോരാട്ടം തുടരുമെന്ന് പിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടു റാവു ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. നിയമസഭയില്‍ കോണ്‍ഗ്രസും ജെഡിഎസും ഒന്നിച്ചുനില്‍ക്കുമെന്നും എന്നാല്‍ തിരഞ്ഞെടുപ്പില്‍ എങ്ങനെയായിരിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും റാവു പറഞ്ഞു.

ദിനേശ് ഗുണ്ടു റാവു

ജനങ്ങളുടെ വിഷയങ്ങളെ കൂടുതല്‍ പരിഗണിക്കേണ്ടതുണ്ട്. കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് മികച്ച വോട്ട് ബാങ്കുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പിന്നീട് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചു. കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ ബിജെപി നടത്തിയ ഭരണഘടനാ വിരുദ്ധവും മോശം രീതിയിലുള്ളതുമായ പ്രവര്‍ത്തനങ്ങളെ കോണ്‍ഗ്രസ് തുറന്നുകാട്ടും. രാഷ്ട്രീയമായി തന്നെ പോരാട്ടം തുടരുമെന്നും ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

Read Also: മൂന്ന് വിമത എംഎല്‍എമാരെ അയോഗ്യരാക്കി കര്‍ണാടക സ്‌പീ‌ക്കർ

വിമത എംഎല്‍എമാരുടെ കാര്യത്തില്‍ അയോഗ്യതയ്ക്കാണ് കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. അവര്‍ അയോഗ്യരാക്കപ്പെടണം. വിമതര്‍ക്ക് തിരിച്ചുവരാന്‍ കോണ്‍ഗ്രസ് ഒരു അവസരം നല്‍കിയിരുന്നു. എന്നാല്‍, അവരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല. അവര്‍ ഇനി തിരിച്ചുവരില്ല. അവര്‍ അയോഗ്യരാക്കപ്പെടട്ടെ. അതിനെ കുറിച്ച് കോണ്‍ഗ്രസ് ആകുലപ്പെടുന്നില്ല എന്നും റാവു പറഞ്ഞു.

ബിജെപി നടത്തിയത് കുതിരക്കച്ചവടമാണെന്ന് പിസിസി അധ്യക്ഷന്‍ വിമര്‍ശിച്ചു. എംഎല്‍എമാരെ ബ്ലാക്ക് മെയില്‍ ചെയ്തു. ഓരോരുത്തര്‍ക്ക് 30 കോടി മുതല്‍ 50 കോടി വരെ വാഗ്‌ദാനം ചെയ്തു. ഇഡിയെയും ഐബിയെയും തങ്ങളുടെ കാര്യ സാധ്യത്തിനായി ബിജെപി ഉപയോഗിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇത്രയും തരംതാണ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടില്ല. കര്‍ണാടകത്തില്‍ ബിജെപി നടപ്പിലാക്കിയത് 1000 കോടി രൂപയുടെ ഓപ്പറേഷനാണ്. പഞ്ച നക്ഷത്ര ഹോട്ടലുകളും പ്രത്യേക വിമാനങ്ങളും അടക്കമാണ് ഈ പദ്ധതി ബിജെപി നടപ്പിലാക്കിയതെന്നും ഗുണ്ടു റാവു പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook