ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന പ്രതിപക്ഷ നേതാക്കളായ കോൺഗ്രസിന്റെ സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ, ജെഡി (എസ്) ന്റെ എച്ച്.ഡി.കുമാരസ്വാമി എന്നിവരെ നേരിടാൻ മുതിർന്ന നേതാക്കളെയാണ് ബിജെപി തിരഞ്ഞെടുത്തത്. ബിജെപി പ്രവർത്തകരായ വി.സോമണ്ണ (72), ആർ.അശോക് (65) എന്നിവരോട് പഴയ മൈസൂരിലെ വരുണയിലും ബെംഗളൂരുവിലെ കനകപുരയിലും തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി ആവശ്യപ്പെട്ടു. വരുണയിൽ സോമണ്ണ കോൺഗ്രസിന്റെ സിദ്ധരാമയ്യയെയും ശിവകുമാറുമായി അശോകും മത്സരിക്കും.
മാണ്ഡ്യയിലെ ചന്നപട്ടണയിൽ മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമിക്കെതിരെ ബിജെപിയുടെ സിറ്റിങ് എംഎൽസിയായ സി.പി.യോഗേശ്വർ (59) മത്സരിക്കും. തങ്ങളുടെ പരമ്പരാഗത സീറ്റുകളിൽ മുൻനിര പ്രതിപക്ഷ നേതാക്കളെ അനായാസം വിജയിപ്പിക്കാൻ അനുവദിക്കാതിരിക്കുക, അവരുടെ മണ്ഡലങ്ങളിൽ ഒതുക്കി നിർത്തുക, തങ്ങളുടെ മണ്ഡലങ്ങൾക്ക് പുറത്ത് വെല്ലുവിളികൾ ഏറ്റെടുക്കാൻ മുതിർന്ന ബിജെപി നേതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ബിജെപിയുടെ ഗെയിം പ്ലാൻ.
”മുതിർന്ന ബിജെപി നേതാക്കളിൽ ചിലർ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഭാരം ഏറ്റെടുക്കുന്നില്ലെന്ന തോന്നലുണ്ട്. അവർ എതിരാളികളുമായുള്ള പരസ്പര ധാരണയിലൂടെ വിജയിക്കുകയും മുഖ്യ സ്ഥാനങ്ങൾ നേടുകയും ചെയ്യുന്നു, പക്ഷേ പാർട്ടിയുടെ വളർച്ചയ്ക്ക് യഥാർത്ഥത്തിൽ സംഭാവന നൽകുന്നില്ല. ഈ നേതാക്കളോട് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് നിലവിലെ സ്ഥിതിഗതികളെ മാറ്റാനാണ് ഹൈക്കമാൻഡ് തീരുമാനിച്ചിരിക്കുന്നത്,” ഒരു ബിജെപി നേതാവ് പറഞ്ഞു.
സിറ്റി കൗൺസിൽ തലം മുതൽ ബെംഗളൂരു രാഷ്ട്രീയത്തിലെ പരിചയസമ്പന്നനാണ് സോമണ്ണ. പഴയ മൈസൂരുവിലെയും സെൻട്രൽ കർണാടകയിലെയും ലിംഗായത്ത് മഠങ്ങളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്നു. പലപ്പോഴും സ്വയം ഒരു ഉന്നത ലിംഗായത്ത് നേതാവായി കണക്കാക്കാറുണ്ട്.
തന്റെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ, കോൺഗ്രസ്, ജെഡി (എസ്), ബിജെപി എന്നീ പാർട്ടികളിൽ സോമണ്ണ കളംമാറി എത്തിയിട്ടുണ്ട്. കൂടാതെ രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളം സുഹൃത്തുക്കളും ശത്രുക്കളുമുണ്ട്. വരുണയിൽ ലിംഗായത്ത് വോട്ടർമാരുടെ എണ്ണം (ഏതാണ്ട് 30%) കണക്കിലെടുത്താണ് കോൺഗ്രസ് ശക്തനായ സിദ്ധരാമയ്യയെ നേരിടാൻ ബിജെപി സോമണ്ണയെ തിരഞ്ഞെടുത്തത്. വോട്ടർമാർ കൂട്ടത്തോടെ സോമണ്ണയ്ക്ക് വോട്ട് ചെയ്താൽ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അത് ബുദ്ധിമുട്ടുണ്ടാക്കും.
ബെംഗളൂരു റൂറൽ കനകപുരയിൽ ശിവകുമാറിനെ നേരിടാൻ ബിജെപി നിയോഗിച്ചത് മുൻ ഉപമുഖ്യമന്ത്രി ആർ.അശോകിനെയാണ്. ശിവകുമാറിനെയും കുമാരസ്വാമിയെയും പോലുള്ള വൊക്കാലിഗ നേതാക്കളെ തെക്കൻ കർണാടകയിലെ അവരുടെ സ്വന്തം പ്രദേശങ്ങളിൽ പരാജയപ്പെടുത്തുക എന്നത് ബിജെപിക്ക് അസാധ്യമാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
അപൂർവ്വമായി മാത്രം ബെംഗളൂരുവിന് അപ്പുറത്തേക്ക് യാത്ര ചെയ്തിട്ടുള്ള അശോക് ജെഡി(എസ്) നേതൃത്വവുമായുള്ള മൗന ധാരണയിലൂടെയാണ് പത്മനാഭനഗർ സീറ്റിൽ വിജയിക്കുന്നതെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ പറയപ്പെടുന്നത്. മാണ്ഡ്യയിലെ വൊക്കലിഗ സമുദായത്തിനിടയിൽ ബിജെപിയെ നയിക്കാൻ അടുത്തിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തെ നിയോഗിച്ചിരുന്നുവെങ്കിലും പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ എതിർപ്പിനെത്തുടർന്ന് പിന്മാറേണ്ടി വന്നു.
ഇത് പാർട്ടി തീരുമാനമാണ്, അച്ചടക്കമുള്ള അംഗമെന്ന നിലയിൽ ഞാൻ അത് അനുസരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള ഭരണം കാണാനാണ് കനകപുരയിലെ ജനങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ എനിക്ക് വോട്ട് ചെയ്യുമെന്ന് അശോക് പറഞ്ഞു. ”ഇതൊരു ചെസ് കളിയാണ്. അവർ ചെസ് കളിക്കുകയാണ്. ഞങ്ങളും ചെസ് കളിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം,” ബിജെപി നിക്കത്തെക്കുറിച്ചുള്ള ശിവകുമാറിന്റെ വാക്കുകൾ.