ലക്‌നൗ: ബിജെപി ഉത്തർപ്രദേശ് ഘടകം അധ്യക്ഷനായി കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡ്യയെ നിയമിച്ചു. ഒബിസി വിഭാഗക്കാരനായ കേശവ പ്രസാദ് മൗര്യയെ മാറ്റിയാണ് ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള മഹേന്ദ്രനാഥ് പാണ്ഡ്യയെ നിയമിച്ചത്.

ചന്ദൗലിയിൽനിന്നുള്ള ലോക്സഭാംഗമായ മഹേന്ദ്രനാഥ് പാണ്ഡ്യ (59) ആർഎസ്എസിലാണ് പ്രവർത്തനം ആരംഭിച്ചത്. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ഉടൻ തന്നെ കേശവ പ്രസാദ് മൗര്യ തന്റെ രാജിസന്നദ്ധത പ്രഖ്യാപിച്ചിരുന്നു. താക്കൂർ വിഭാഗത്തിൽ നിന്നുള്ള യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയതിനെ തുടർന്ന് പിണങ്ങി നിൽക്കുന്ന ബ്രാഹ്മണ വിഭാഗത്തെ അനുനയിപ്പിക്കാനാണ് മഹേന്ദ്രനാഥ് പാണ്ഡ്യയ്ക്ക് സംസ്ഥാന അധ്യക്ഷന്റെ ചുമതല നൽകിയതെന്നാണ് വിവരം.

കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയായി ചുമതലയേറ്റ മഹേന്ദ്രനാഥ് പാണ്ഡ്യ പ്രാധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുപ്പമുള്ള വ്യക്തിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ