ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭരണ സംഖ്യമായ ബിജെപി-പിഡിപി സഖ്യം തകർന്നു. പിഡിപിയുമായുളള​ സഖ്യം പിൻവലിക്കുന്നുവെന്ന് ബിജെപി അറിയിച്ചു. 2014 ലാണ് സഖ്യം രൂപീകരിച്ചത്.  മൂന്നരവർഷത്തെ സഖ്യമാണ് തകർന്നത്. ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബിജെപി വക്താവ് റാം മാധവ് സഖ്യം തകർന്നതിനെ കുറിച്ച് പ്രതികരിച്ചത്. ഈ​ സഖ്യത്തിന് ചുക്കാൻ പിടിച്ച റാം മാധവ് തന്നെയാണ് പിന്തുണ​ പിൻവലിക്കുന്ന കാര്യം അറിയിച്ചത്.

പിഡിപി സഖ്യം പിൻവലിച്ചതോടെ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി രാജിവച്ചു. രാജിക്കത്ത് ഗവർണർക്ക് സമർപ്പിച്ചു.

തീവ്രവാദം കൂടുന്നുവെന്ന് ആരോപിച്ചാണ് ബിജെപി പിന്തുണ പിൻവലിക്കുന്നതെന്നാണ് ആദ്യ വിവരങ്ങൾ. കത്തുവ സംഭവത്തെ തുടർന്ന് ബിജെപി മന്ത്രിമാരെ പിൻവലിക്കുക തുടങ്ങിയ  നീക്കങ്ങൾ നടത്തിയിരുന്നു. കത്തുവയിൽ നാടോടി മുസ്‌ലിം പെൺകുഞ്ഞിനെ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് ബിജെപിയും സംഘപരിവാർ സംഘടനകളും പരസ്യമായി രംഗത്ത് എത്തിയത് വിവാദമായിരുന്നു. ഈ​ കേസിലെ പ്രതികളെ പിന്തുണച്ച് റാലി നടത്തുക തുടങ്ങിയ സംഭവങ്ങൾ ബിജെപിയെ മാത്രമല്ല, പിഡിപിയെയും പ്രതിരോധത്തിലാക്കിയിരുന്നു.

നിലവിലെ ജമ്മു കശ്മീരിലെ നിയസഭയിലെ കക്ഷി നില ഇങ്ങനെയാണ്:

ആകെ  -89 സീറ്റുകൾ
പി ഡി പി – 28
ബി ജെ പി – 25
നാഷണൽ കോൺഫറൻസ് -15
കോൺഗ്രസ് – 12
ജെ ആൻഡ് കെ പീപ്പിൾസ് കോൺഫറൻസ്- 02
സി പി ഐ -01
മറ്റുളളവർ – 04

കത്തുവ സംഭവത്തോടെ ഇരുപാർട്ടികളും തമ്മിലുളള അഭിപ്രായ വ്യത്യാസം വളരെയധികം വർധിച്ചിരുന്നു.  2014 നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് പിഡിപിയും ബിജെപിയും ചേർന്ന് സഖ്യമുണ്ടാക്കി അധികാരത്തിലെത്തിയത്. ഭരണം അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ബിജെപി പിന്തുണ പിൻവലിക്കുന്നത്. ഇനി ഈ സഖ്യവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ബിജെപി ഈ തീരുമാനം എടുത്തത്.

എന്നാൽ ബിജെപിയും കേന്ദ്രസർക്കാരും സംസ്ഥാനത്ത് സ്വീകരിക്കുന്ന നടപടികൾ സംബന്ധിച്ച് പിഡിപിയിലും മറ്റും ഉയർന്ന എതിരഭിപ്രായങ്ങൾ ഈ സഖ്യം പിൻവലിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് കരുതുന്നു. നോമ്പ് കാലത്ത് വെടിനിർത്തൽ ഉൾപ്പടെയുളള​ വിഷയങ്ങൾ വിവാദമായിരുന്നു. ഇതിന് പുറമെ സൈന്യവും നാട്ടുകാരും തമ്മിലുണ്ടായിട്ടുളള വിഷയങ്ങളും തദ്ദേശീയ തലത്തിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ചർച്ചകളും വിവാദങ്ങളും ഉയർത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ