ശ്രീനഗർ: ജമ്മു കശ്‌മീരിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലാണ് വെടിനിർത്തൽ കരാറുകൾ കൂടുതൽ​ തവണ ലംഘിക്കപ്പെടുകയും ഏറ്റവും കൂടുതൽ പൗരന്മാർ കൊല്ലപ്പെടുകയും ചെയ്‌തതെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഭൗതികമായും സാമ്പത്തികമായും ഈ സഖ്യം നശിപ്പിച്ചു. സംസ്ഥാനത്തെ പൊതുവിൽ തന്നെ തകർക്കുകയാണ് ഈ ഭരണം കൊണ്ടുണ്ടായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഈ സംഭവത്തിലെ ആദ്യത്തെ കുറ്റവാളി കേന്ദ്രസർക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പാർട്ടികൾക്ക് സർക്കാരുണ്ടാക്കാൻ അവരുടെ താൽപര്യത്തിന് അനുസരിച്ച് സഖ്യമുണ്ടാക്കാൻ അനുവദിക്കുകയാണ് വേണ്ടത്. എന്നാൽ ബിജെപി ഒരിക്കലും ഇത് അനുവദിക്കാറില്ലെന്നും ഗുലാം നബി ആസാദ് ആരോപിച്ചു.

മൂന്നരവർഷത്തെ ഈ സഖ്യഭരണം സംസ്ഥാനത്തെ നശിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴുളള സഖ്യ തകർച്ച കേന്ദ്ര സർക്കാരിന്റെ പരാജയമാണ്. ഈ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്ര സർക്കാരിന് ഒളിച്ചോടാൻ സാധ്യമല്ല. പിഡിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കുമോ എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും ആസാദ് പറഞ്ഞു

ബിജെപി ഈ സഖ്യമുണ്ടാക്കി സർക്കാരുണ്ടാക്കിയപ്പോൾ തന്നെ അതൊരു ഹിമാലയൻ മണ്ടത്തരമാണെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴത് സത്യമായിരിക്കുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അവകാശപ്പെട്ടു.

“നശിപ്പിച്ച് പിൻവാങ്ങി ബിജെപി” അരവിന്ദ് കേജ്‌രിവാൾ

ജമ്മു കശ്‌മീരിനെ നശിപ്പിച്ച ശേഷം ബിജെപി അധികാരത്തിൽ​നിന്നും പിൻവാങ്ങുകയാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ട്വിറ്ററിലൂടെയാണ് അരവിന്ദ് കേജ്‌രിവാൾ ബിജെപിക്കെതിരെ രംഗത്തെത്തിയത്.

നോട്ട് നിരോധനത്തോടുകൂടി ഭീകരവാദം ഇല്ലാതാക്കിയെന്ന ബിജെപിയുടെ അവകാശവാദത്തെയും കേജ്‌രിവാൾ ട്വിറ്ററിലൂടെ പരിഹസിച്ചു.

“ഇതിൽ അത്ഭുതമില്ല, പക്ഷെ, ഞെട്ടലുളവാക്കി” പിഡിപി

പിഡിപി – ബിജെപി സഖ്യ സർക്കാരിനുളള പിന്തുണ പിൻവലിക്കാനുളള തീരുമാനത്തിൽ​ അതഭുതമില്ലെന്നും പക്ഷേ ഞെട്ടലുളവാക്കിയെന്നും പിഡിപി വക്താവ് റാഫി അഹമ്മദ് മിർ അഭിപ്രായപ്പെട്ടു. ബിജെപി നീക്കം അപ്രതീക്ഷിതമായിരുന്നില്ല.

ബിജെപിയും പിഡിപിയും തമ്മിൽ ചില പ്രത്യേക വിഷയങ്ങളിൽ അഭിപ്രായ വ്യത്യാസം ശക്തമായിരുന്നു. നാല് മണിക്ക് ചേരുന്ന പിഡിപി നിയമസഭാ കക്ഷികളുടെ യോഗത്തിൽ ഭാവി തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ ജമ്മു കശ്‌മീരിലെ നിയസഭയിലെ കക്ഷി നില ഇങ്ങനെയാണ്:

ആകെ -89 സീറ്റുകൾ
പിഡിപി – 28
ബിജെപി – 25
നാഷണൽ കോൺഫറൻസ് -15
കോൺഗ്രസ് – 12
ജെ ആൻഡ് കെ പീപ്പിൾസ് കോൺഫറൻസ്- 02
സിപിഐ -01
മറ്റുളളവർ – 04

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ