ലക്‌നൗ: മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലേക്ക് തിരികെ വന്ന ബിജെപി, മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെയും ഇന്നറിയാം.ഈ രണ്ട് കാര്യങ്ങൾ തീരുമാനിക്കാൻ പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ നടക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗാണ് ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖൻ. ഇദ്ദേഹം ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രിയാണ്.  കേന്ദ്ര ടെലികോം മന്ത്രിയായ മനോജ് സിൻഹയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താവുന്ന മറ്റൌരാൾ. ഗാസിപൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് വൻ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഇദ്ദേഹത്തിനൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കേശവ പ്രസാദ് മൗര്യയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വിശ്വഹിന്ദു പരിഷത്തിന്റെ രാമക്ഷേത്ര മുന്നേറ്റത്തിന് നായക നിരയിൽ ഉണ്ടായിരുന്നയാളാണ് ഇദ്ദേഹം.

കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശർമ്മ, ബിജെപി ദേശീയ ഉപാദ്ധ്യക്ഷനും ലഖ്‌നൗ മുൻ മേയറുമായ ദിനേഷ് ശർമ്മ എന്നിവരും മുഖ്യമന്ത്രി പരിഗണനാ പട്ടികയിലുണ്ട്. ഏതായാലും സംസ്ഥാനത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലധികം സീറ്റുകൾ നേടിയതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ ബിജെപി ക്ക് അല്ലലില്ലാതെ ഭരിക്കാനാവും. സംസ്ഥാനത്ത് ശക്തമായിരുന്ന ഭരണ വിരുദ്ധ വികാരമാണ് ബിജെപി യുടെ വൻവിജയത്തിന് വഴിവച്ചതെന്നാണ് സൂചനകൾ. അതേസമയം ബിജെപി നിരയിൽ പ്രധാനമന്ത്രിയുടെ നേതൃത്വവും ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ യുടെ ആസൂത്രണവും ആഴത്തിൽ ഫലം കണ്ടെന്നാണ് ഫലം സൂചിപ്പിക്കുന്നത്.

ഉത്തരാഖണ്ഡിൽ കോൺഗ്രസ് വിട്ട് ബിജെപി യിൽ ചേർന്ന മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയ്ക്ക് മുഖ്യമന്ത്രിയാകാൻ സാധ്യതയുണ്ട്. അതോടൊപ്പം 2007 ൽ ബിജെപി വിജയിച്ചപ്പോൾ മുഖ്യമന്ത്രിമാരായ ഭുവൻ ചന്ദ്ര ഖണ്ഡൂരി, രമേഷ് പൊഖ്രിയാൽ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അജയ് ഭട്ട്, കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി അജയ് ടംട, ബിജെപി യുവ നേതാവ് അനിൽ ബാലുനി തുടങ്ങിയവരാണ് ഇവിടെ പരിഗണനാ പട്ടികയിലുള്ളത്. കോൺഗ്രസ് വിട്ടു വന്നതാണെങ്കിലും 2013 ൽ മുഖ്യമന്ത്രിയായിരിക്കെ വിജയ് ബഹുഗുണയുടെ പ്രകടനം വലിയ ജനപ്രീതി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ