ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര മൂന്നാം ദിവസം പര്യടനം നടത്തവെ വിമര്‍ശനവുമായി ഭരണകക്ഷിയായ ബിജെപി. ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രവാക്യങ്ങള്‍ വിളിക്കുന്ന യാത്രയുടെ വിഡിയോ ദൃശ്യങ്ങളാണ് ബിജെപി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ടത്. എന്നാല്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. യാത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.
ഭാരത് ജോഡോ യാത്രയില്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം മുഴക്കിയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ യാത്ര ഇന്ത്യയെ ഒന്നിപ്പിക്കാനാണോ അതോ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരെ ഒന്നിപ്പിക്കാനാണോ. അവര്‍ നേരത്തെ ഇന്ത്യയെ വിഭജിച്ചു, ഇപ്പോള്‍ അത് ആവര്‍ത്തിക്കാന്‍ അവര്‍ പദ്ധതിയിടുകയാണോ? അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ”പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ചവരെ വെറുതെ വിടില്ല, അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.’ ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു,
ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ, സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മ, സംസ്ഥാന മീഡിയ ഇന്‍ചാര്‍ജ് ലോകേന്ദ്ര പരാശര്‍, ബിജെപി സംഘടനാ സെക്രട്ടറി ഹിതാനന്ദ് ശര്‍മ എന്നിവരും സമാനമായ അഭിപ്രായങ്ങള്‍ ഉന്നയിച്ചു. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പാകിസ്ഥാന്റെ പിന്തുണയോടെ നീങ്ങുന്നതും ‘പാകിസ്ഥാന്‍ സിന്ദാബാദ്’എന്ന മുദ്രാവാക്യങ്ങള്‍ ഉയരുന്നതും ദൗര്‍ഭാഗ്യകരമാണെന്ന് വി ഡി ശര്‍മ്മ പറഞ്ഞു.
ഭാരത് ജോഡോ യാത്രക്കെതിരെ തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആരോപണം നിഷേധിച്ച് കൊണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് രംഗത്തുവന്നു. ”ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച വന്‍ പ്രതികരണം ബി.ജെ.പിയെ വലച്ചു, അവര്‍ വ്യാജ വീഡിയോ ഉപയോഗിച്ച് യാത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിനെതിരെ ഞങ്ങള്‍ ഉടന്‍ നിയമനടപടി സ്വീകരിക്കും അദ്ദേഹം പറഞ്ഞു.
ഛത്തര്‍പൂരിലെ ഖനന പദ്ധതിയെ തുടര്‍ന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ രാഹുല്‍ ഗാന്ധിയെ കാണുന്നതില്‍ നിന്ന് ബിജെപി തടഞ്ഞുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ”മധ്യപ്രദേശ് സര്‍ക്കാര്‍. ഛത്തര്‍പൂര്‍ ജില്ലയിലെ വജ്ര ഖനന പദ്ധതി മൂലം കുടിയിറക്കപ്പെട്ട ആദിവാസി കുടുംബങ്ങളെ രാഹുല്‍ ഗാന്ധിയെ കാണുന്നതില്‍ നിന്ന് തടഞ്ഞു. ഇതാണ് ജനാധിപത്യം-ബിജെപി ശൈലി. ജയറാം രമേശ് ട്വീറ്റ് ചെയ്തു.