ന്യൂഡല്‍ഹി: ബി ജെ പി പാര്‍ലമെന്ററി ബോര്‍ഡ് പുനസംഘടനയില്‍ സുപ്രധാന മാറ്റങ്ങള്‍. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെയും ഒഴിവാക്കി.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര, മുന്‍ ലോക്സഭാ എം പി സത്യനാരായണ ജാതിയ, ദേശീയ ഒ ബി സി മോര്‍ച്ച അധ്യക്ഷന്‍ കെ ലക്ഷ്മണ്‍, ദേശീയ സെക്രട്ടറി സുധ യാദവ് എന്നിവരെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവരും ബി ജെ പിയിലെ തീരുമാനമെടുക്കുന്നതിനുള്ള ഏറ്റവും ഉന്നത സമിതിയായ പാര്‍ലമെന്ററി ബോര്‍ഡിന്റെ ഭാഗമാണ്.
പാര്‍ലമെന്ററി ബോര്‍ഡിനെ കൂടുതല്‍ സാമൂഹികമായും പ്രാദേശികമായും പ്രാതിനിധ്യമുള്ളതാക്കാനുള്ള ബി ജെ പിയുടെ ശ്രമമാണ് ഈ പുനസംഘടനയെന്നു വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള വ്യക്തിയെന്ന നിലയില്‍ പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡില്‍ ഉള്‍പ്പെടുന്ന ആദ്യ സിഖുകാരനാണ് ഇഖ്ബാല്‍ സിങ് ലാല്‍പുര.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, ഓം മാത്തൂര്‍, വനിതാ വിഭാഗം അധ്യക്ഷ വനതി ശ്രീനിവാസന്‍ എന്നിവരെ പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സി ഇ സി) അംഗങ്ങളാക്കി. മുന്‍ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈന്‍, ജുവല്‍ ഒറാന്‍ എന്നിവരെ ഒഴിവാക്കി. എല്ലാ പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങളും സി ഇ സിയുടെ ഭാഗമാണ്.