ഇംഫാൽ: മണിപ്പൂരിന്റെ ഉരുക്ക് വനിത ഇറോം ശർമിള ചാനു തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ്ങിനെതിരെ മത്സരിക്കാൻ ബിജെപി 36 കോടി വാഗ്‌ദാനം ചെയ്‌തെന്ന് ആരോപിച്ചു. മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇബോബി സിങ്ങിനെതിരെ ബിജെപിക്ക് വേണ്ടി മത്സരിക്കാനാണ് ഇത്രയും വലിയ തുക വാഗ്‌ദാനം ചെയ്‌തതെന്ന് ഇറോം പറഞ്ഞു.
നിരാഹാരം അവസാനിപ്പിച്ച ശേഷം തന്നെ കണ്ട ബിജെപി നേതാവാണ് തുക വാഗ്‌ദാനം ചെയ്‌തതെന്നും ഇക്കാലത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 36 കോടി ചെലവാകുമെന്നും അദ്ദേഹം അറിയിച്ചെന്ന് ഇറോം പറയുന്നു. തന്റെ കൈയിൽ മത്സരിക്കാൻ ഇത്രയും തുകയില്ലെങ്കിൽ തരാമെന്നും അദ്ദേഹം പറഞ്ഞു, ഇറോം കൂട്ടിച്ചേർത്തു.
എന്നാൽ ഇറോമിന്റെ ആരോപണങ്ങൾ ബിജെപി നേതാവ് രാംമാധവ് നിഷേധിച്ചു. തൗബാൽ, ഖുറായ് എന്നീ മണ്ഡലങ്ങളിലാണ് ഇറോം മത്സരിക്കുന്നത്. ഇതിൽ തൗബാൽ മണ്ഡലത്തിൽ നിന്നാണ് ഇബോബി സിങ്ങും മത്സരിക്കുന്നത്. മാർച്ച് നാലിനും എട്ടിനുമാണ് മണിപ്പൂരിലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മണിപ്പൂരിലെ പട്ടാളത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമത്തിനെതിരെ 16 വർഷം നിരാഹാരമനുഷ്‌ഠിച്ചയാളാണ് ഇറോം ശർമിള.