ന്യൂഡൽഹി∙ കർണാടക രാഷ്ട്രീയത്തിൽ ബിജെപിക്കെതിരെ കടുത്ത ആരോപണങ്ങളുമായി കോൺഗ്രസ് വീണ്ടും രംഗത്ത്. കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ രാജിവയ്‌പ്പിച്ച് ഭരണം പിടിക്കാൻ ബിജെപി നേതാക്കൾ 200 കോടി രൂപ വാഗ്ദാനം ചെയ്തെന്നാണ് പുതിയ ആരോപണം.

കർണാടകയിലെ 18 കോൺഗ്രസ്–ജെഡിഎസ് എംഎൽഎമാർക്ക് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്.യെദിയൂരപ്പ 10 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുളള കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. പാർട്ടി വക്താവ് രൺദീപ് സുർജേവാലയും ഇദ്ദേഹത്തോടൊപ്പം ബെംഗലുരുവിൽ വാർത്താ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

കർണാടകത്തിൽ ജെഡിഎസ്–കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർക്കും പങ്കുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ഇതിനു കൂട്ടുനിൽക്കാൻ കർണാടക സ്പീക്കർക്ക് യെദിയൂരപ്പ 50 കോടി രൂപയാണ് വാഗ്ദാനം ചെയ്തതെന്ന് ഇന്നലെ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ കുമാരസ്വാമി ആരോപിച്ചിരുന്നു.

ബിജെപി നേതാക്കൾക്ക് എതിരെ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. ജെഡിഎസ് എംഎൽഎമാരിൽ ഒരാളുടെ സഹോദരനോട് യെദിയൂരപ്പ വിലപേശൽ നടത്തുന്നതെന്നാരോപിച്ച്, ഓഡിയോ ക്ലിപ്പ് കർണാടക മുഖ്യമന്ത്രി ഇന്നലെ പുറത്തുവിട്ടിരുന്നു. ഈ വാർത്ത കേട്ട് രാജ്യം മുഴുവനും ഞെട്ടിത്തരിച്ചിരിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

ജെഡിഎസ് എംഎൽഎ നാഗനഗൗഡ കണ്ഡകൂറിനെ കൂറുമാറ്റാൻ അദ്ദേഹത്തിന്റെ മകൻ ശരണഗൗഡയുമായി സംസാരിക്കുന്നതിന്റെ ക്ലിപ്പാണ് ഇന്നലെ കുമാരസ്വാമി പുറത്തുവിട്ടത്. ബജറ്റ് അവതരണത്തിനു തൊട്ടുമുൻപായിരുന്നു മുഖ്യമന്ത്രിയുടെ ബിജെപിയെ ആക്രമിച്ചത്. ഭൂരിപക്ഷം ഇല്ലാത്ത സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആരോപിച്ച് ബിജെപി ബഹിഷ്‌കരിച്ചിരുന്നു.

ബിജെപി നേതാക്കൾ 12 കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർക്ക് മന്ത്രിപദവിയും ആറു പേർക്ക് വിവിധ ബോർഡുകളിൽ ചെയർമാൻ സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇതിന് പുറമെ, രാജിവയ്ക്കുന്ന എംഎൽഎമാർക്ക് തിരഞ്ഞെടുപ്പ് ചെലവിലേക്കും കോടികൾ വാഗ്ദാനം ചെയ്തു. സ്പീക്കർക്ക് 50 കോടി രൂപയാണ് വാഗ്ദാനമെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ 24 മണിക്കൂറിനകം തെളിയിച്ചാൽ താൻ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നാണ് ഇന്നലെ യെദിയൂരപ്പ പറഞ്ഞത്. കുമാരസ്വാമി കെട്ടിച്ചമച്ചതാണ് ആരോപണങ്ങളെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook