ഭോപ്പാൽ:  ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുമെന്നതിനാല്‍ മധ്യപ്രദേശില്‍ പശുവിന്‍ പാലും കോഴിയിറച്ചിയും ഒന്നിച്ച് വില്‍ക്കരുതെന്ന് ബിജെപി. പശുവിന്‍ പാലും കോഴിയും മുട്ടയും ഒന്നിച്ച് വില്‍ക്കുന്ന സംരംഭത്തിന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി കൊണ്ടുവന്നിരുന്നു. ഇതിനെ എതിര്‍ത്തുകാണ്ടാണ് ബിജെപി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പാലും കോഴിയും മുട്ടയും ഒന്നിച്ച് വില്‍ക്കാന്‍ പാടില്ലെന്ന് ബിജെപി പറയുന്നു.

ഇത്തരത്തില്‍ കോഴിയും മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്ന ഒരു കട ഭോപ്പാലില്‍ ആരംഭിച്ചിരുന്നു. ആദിവാസി സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി തുടങ്ങിയത്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ബിജെപി ഇപ്പോള്‍ പറയുന്നത്. പശുവിന്‍ പാലിന് പ്രത്യേകതയുണ്ടെന്നാണ് ഇവരുടെ വാദം.

Read Also: അടിച്ചു കണ്ണ് പൊട്ടിക്കും; ലോറി ഡ്രൈവറോട് കോപിച്ച് പി.കെ.ശശി എംഎല്‍എ, വീഡിയോ

“പാല്‍ വിശുദ്ധിയുടെ അടയാളമാണ്. പൂജകള്‍ക്കും വഴിപാടുകള്‍ക്കുമായി പാല്‍ ഉപയോഗിക്കുന്നുണ്ട്. ഹൈന്ദവ മതം, ജൈനമതം, ബുദ്ധമതം എന്നിവയില്‍ പാലിന് പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ട് കോഴിയും മുട്ടയും പാലും ഒന്നിച്ച് വില്‍ക്കുന്ന പരിപാടി നിര്‍ത്തലാക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്. ദുര്‍ഗാ പൂജയ്ക്ക് മുന്‍പ് ഇത് നടപ്പിലാക്കുമെന്ന് വിശ്വസിക്കുന്നു. കോഴിയും മുട്ടയും വില്‍ക്കുന്ന കടയും പാല്‍ വില്‍ക്കുന്ന കടയും തമ്മില്‍ നിശ്ചിത ദൂരം വേണം.”- മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന് ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മ അയച്ച കത്തില്‍ പറയുന്നു.

സര്‍ക്കാര്‍ തീരുമാനമനുസരിച്ചാണ് ഷോപ്പുകള്‍ ആരംഭിച്ചതെന്ന് അധികൃതര്‍ വിശദീകരിക്കുന്നു. സ്ത്രീകള്‍ക്ക് വേണ്ടിയാണ് മധ്യപ്രദേശില്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ചിരിക്കുന്നത്. കോഴിയിറച്ചിയും പാലും വ്യത്യസ്ത ഫ്രീസറുകളിലാണ് സൂക്ഷിക്കുന്നതെന്നും അധികൃതര്‍ വിശദീകരണം നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook