ന്യഡൽഹി: ആറര പതിറ്റാണ്ട് കാലം രാജ്യസഭയിൽ കോൺഗ്രസ് നിലനിർത്തിയ വലിയ കക്ഷിയെന്ന കസേര സ്വന്തമാക്കി ബിജെപി. ഇന്നലെ മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം സംപതീയ ഉംകേ സത്യപ്രതിജ്ഞ ചെയ്തതോടെയാണ് കോൺഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ബിജെപി ഒന്നാമതെത്തിയത്.

ഇപ്പോൾ ബിജെപിക്ക് 58 ഉം, കോൺഗ്രസിന് 57 ഉം അഗങ്ങളാണ് രാജ്യസഭയിലുള്ളത്. 2018 വരെ കോൺഗ്രസ് തന്നെ രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയായി ഇരിക്കേണ്ടതായിരുന്നു. എന്നാൽ രണ്ട് അംഗങ്ങൾ മരിച്ചതിനെ തുടർന്നാണ് കോൺഗ്രസിന് ഒന്നാം സ്ഥാനം നഷ്ടമായത്. കേന്ദ്ര മന്ത്രിയായിരുന്ന അനിൽ മാധവ് ദവെ അന്തരിച്ചതിനെ തുടർന്നാണ് സംപതീയ ഉംകേ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മദ്ധ്യപ്രദേശ് നിയമസഭയിൽ നിന്ന് എതിരില്ലാതെയാണ് ഉംകേ രാജ്യസഭയിലേക്ക് എത്തിയത്.

അടുത്ത ചൊവ്വാഴ്ച വെസ്റ്റ് ബംഗാളിലെ ആറ് സീറ്റിലും ഗുജറാത്തിലെ മൂന്ന് സീറ്റിലും തിരഞ്ഞെടുപ്പ് നടക്കും. ഇത് ബിജെപിയുടെ രാജ്യസഭയിലെ ഒന്നാം സ്ഥാനത്തെ ബാധിക്കില്ല. കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ വീണ്ടും ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുള്ള കരുനീക്കങ്ങൾ ബിജെപി ഗുജറാത്തിൽ നടത്തുന്നുണ്ട്.

അടുത്ത വർഷം ഉത്തർപ്രദേശിൽ നടക്കുന്ന രാജ്യസഭ തിരഞ്ഞെടുപ്പിൽ 9 ൽ എട്ട് സീറ്റും വിജയിക്കുന്നതോടെ രാജ്യസഭയിലെ ബിജെപി അംഗത്വം വലിയ ഭൂരിപക്ഷം നേടും. മൂന്ന് വർഷം മുൻപ് ലോക്സഭയിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ബിജെപിക്ക് പക്ഷെ രാജ്യസഭയിൽ ഈ മേൽക്കൈ ഉണ്ടായിരുന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook