ഗുവാഹത്തി: ദേശീയ പൗരത്വ രജിസ്റ്ററില്‍ അസമിലെ ബിജെപിയ്ക്ക് അതൃപ്തി. മുതിര്‍ന്ന ബിജെപി നേതാവും അസം ധനകാര്യ മന്ത്രിയുമായ ഹിമാന്ത ബിസ്വ സര്‍മയാണ് അതൃപ്തി തുറന്ന് പറഞ്ഞത്. 19 ലക്ഷം പേരെ പുറത്താക്കി കൊണ്ടുള്ള പട്ടികയില്‍ പിഴവുണ്ടെന്നും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണമെന്നുമാണ് ബിസ്വ പറയുന്നത്. ഓരോ വിദേശിയേയും പുറത്താക്കുന്നതിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ പട്ടികയുടെ റിവെരിഫിക്കേഷനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. അസമിലെ ജനങ്ങളും പ്രക്രിയയുടെ ഫലത്തില്‍ സന്തുഷ്ടരല്ലെന്നും അദ്ദേഹം പറഞ്ഞു.

Read More: അസം ദേശീയ പൗരത്വ രജിസ്റ്റർ: അന്തിമ പട്ടികയിൽ നിന്ന് 19 ലക്ഷം പേർ പുറത്ത്

”എന്‍ആര്‍സി അസമിലെ ജനങ്ങളുടെ പ്രതീക്ഷ പൂര്‍ത്തീകരിച്ചില്ല. പുറത്താക്കിയ 19 ലക്ഷം പേരില്‍ 3.80 ലക്ഷം പേര്‍ അപ്പീല്‍ കൊടുക്കാന്‍ ആ്ഗ്രഹിക്കാത്തവരോ മരിച്ചവരോ ആണ്. അപ്പോള്‍ അത് 15 ലക്ഷമാകും. ഇതില്‍ 5.6 ലക്ഷം പേര്‍ 1971 ല്‍ ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണ്. 1971 ന് മുമ്പ് നല്‍കിയ അഭയാര്‍ത്ഥി സര്‍ട്ടിഫിക്കറ്റ് എന്‍ആര്‍സി പരിഗണിച്ചിട്ടില്ല. അത് ട്രിബ്യൂണലാണ് പരിഗണിക്കുക. ഇതോടെ 11 ലക്ഷമാകും. കുറേപ്പേരുടെ മാതാപിതാക്കള്‍ പട്ടികയിലുണ്ട്, മക്കള്‍ പുറത്തുമാണ്. അവര്‍ കൂടി ചേരുമ്പോള്‍ പുറത്താക്കപ്പെട്ടവരുടെ എണ്ണം 6-7 ലക്ഷമാകും” സര്‍മ്മ പറഞ്ഞു.

പുറത്താക്കപ്പെട്ടവരുടെ എണ്ണം കൂടുതല്‍ ആകണമായിരുന്നുവെന്നും അതിര്‍ത്തി ജില്ലകളിലെ പട്ടിക പുനപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം അഭയാര്‍ത്ഥികള്‍ കൂടുതല്‍ ഉള്ള മേഖലകളാണിത്. തങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook