ന്യൂഡൽഹി: ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇട്ടുതരുമെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചെന്നും രാജ്നാഥ് സിങ് പറഞ്ഞു. ബിജെപി വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണത്തെ പ്രതിരോധിക്കുകയാണ് ബിജെപി നേതൃത്വം ഇപ്പോൾ.
“ജനങ്ങളുടെ അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ ഇട്ടുതരുമെന്ന് ബിജെപി പറഞ്ഞിട്ടില്ല. കള്ളപ്പണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. അതിന് ബിജെപിക്ക് സാധിച്ചു. കള്ളപ്പണത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചത് നരേന്ദ്ര മോദി സർക്കാരാണ്” വാർത്ത ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ ഈ തിരഞ്ഞെടുപ്പിലും വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു രാജ്നാഥ് സിങ്. 2014ൽ നൽകിയ വ്യാജ വാഗ്ദാനങ്ങൾ 2019ലും ബിജെപി ആവർത്തിക്കുകയാണെന്നാണ് ആരോപണം.
2014ലെ തിരഞ്ഞെടുപ്പിൽ കള്ളപ്പണം മുഖ്യ പ്രചാരണ ആയുധമാക്കി ഉയർത്തിക്കാട്ടിയ ബിജെപി 2019ൽ അതുമായി ബന്ധപ്പെട്ട് ഒന്നും തന്നെ പ്രചാരണ വിഷയമാക്കുന്നില്ല. സമാന്തര സമ്പദ് വ്യവസ്ഥ തകർത്തെന്ന് പ്രകടന പത്രികയിൽ പറയുന്നുണ്ടെങ്കിലും പ്രചാരണ വേദികളിലൊന്നും തന്നെ നേതാക്കൾ ഇതേക്കുറിച്ച് പരാമർശിക്കുന്നില്ല.