ന്യൂഡല്‍ഹി: കൊടകര ഹവാല കേസില്‍ ആരോപണ വിധേയരായിരിക്കുന്ന ബിജെപി കേരള ഘടകത്തിന് മുകളില്‍ ദേശീയ നേതൃത്വത്തിന്റെ അന്വേഷണം. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ രൂപീകരിച്ചു. സി.വി.ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ.ശ്രീധരന് എന്നിവരാണ് സമിതിയിലുള്ളത്. നേതാക്കള്‍, സ്ഥാനാര്‍ഥികള്‍ എന്നിവരുമായി സംസാരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, അമിത് ഷായ്ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടി നേതൃത്വം മാറണമെന്ന ആവശ്യം അണികള്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പരാതികള്‍ പരിശോധിക്കാന്‍ രാജ്യസഭ എംപി സുരേഷ് ഗോപിയെ ചുമതലപ്പെടുത്തി.
ഒരു സ്വതന്ത്ര സമിതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നീക്കം പ്രധാനമാണ്. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്നത് ബിജെപി ജനറല്‍ സെക്രട്ടറിയായ ബി.എല്‍.സന്തോഷാണ്. സന്തോഷിനെതിരെ കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. കെ.സുരേന്ദ്രനും കൂട്ടര്‍ക്കും അനുകൂലപരമായ നിലപാടാണ് സന്തോഷ് സ്വീകരിക്കുന്നതെന്നാണ് പരാതി.
കൊടകര ഹൈവെ കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് നിരവധി ബിജെപി നേതാക്കളെ പൊലീസ് ഇതിനോടകം തന്നെ ചോദ്യം ചെയ്തു കഴിഞ്ഞു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും ഇതില്‍ ഉള്‍പ്പെടുന്നു. ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനു പാര്‍ട്ടിയില്‍ ചേരുന്നതിനായി പത്ത് കോടി ആവശ്യപ്പെട്ടെന്നും, സുരേന്ദ്രന് പത്ത് ലക്ഷം നല്‍കിയെന്ന ആരോപണവും ബിജെപിക്ക് തിരിച്ചടിയായി നില്‍ക്കുകയാണ്.
Also Read: സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല; പാർട്ടി ഒറ്റക്കെട്ടെന്ന് ബിജെപി
പിന്നാലെ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥി കെ.സുന്ദരയുടെ വെളിപ്പെടുത്തലും എത്തി. നോമിനേഷന് പിന്‍വലിക്കുന്നതിനായി സുരേന്ദ്രന് 2.5 ലക്ഷം രൂപ നല്‍കിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ആരോപണം ബിജെപി നേതൃത്വം തള്ളി. വിവാദങ്ങളുടെ ചുഴിയില്‍പെട്ട് പ്രതിശ്ചായ നഷ്ടപ്പെടുമെന്ന സാഹചര്യത്തിലാണ് ദേശീയ തലത്തില്‍ നിന്നുള്ള ഇടപെടല്‍.
ഇന്നലെ, മുന്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് സുരേന്ദ്രന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സിപിഎമ്മും, കോണ്‍ഗ്രസും സുരേന്ദ്രനെ ആക്രമിക്കുകയാണെന്നും, ഇതിന് ബിജിപി അനുവദിക്കില്ലെന്നും കുമ്മനം വ്യക്തമാക്കി.