ന്യൂഡൽഹി: ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള പാർട്ടിയാകാതെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാലാണ് ബിജെപി ഇന്നത്ത നിലയിലെത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും ജനങ്ങൾക്ക് വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്നതിലുമാണ് പാർട്ടിയുടെ മൂല്യങ്ങൾ ഉറച്ചുനിൽക്കുന്നതെന്നും മോദി പറഞ്ഞു. ഞായറാഴ്ച നടന്ന ബിജെപി ദേശീയ നിർവാഹക സമതി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“പാർട്ടി ഈ നിലയിലെത്തിയത് സാധാരണക്കാരുമായി എപ്പോഴും ബന്ധപ്പെട്ടതുകൊണ്ടാണ്. ഒരു കുടുംബത്തെയും കേന്ദ്രീകരിച്ചല്ല ബിജെപി. അതിന്റെ മൂല്യങ്ങൾ ‘സേവനം, പ്രതിജ്ഞ, പ്രതിബദ്ധത’ എന്നിവയാണ്,” പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
പാർട്ടിക്കും സാധാരണക്കാർക്കുമിടയിൽ വിശ്വാസത്തിന്റെ പാലമായി പ്രവർത്തിക്കാൻ പ്രധാനമന്ത്രി ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. “സാധാരണക്കാരും പാർട്ടിയും തമ്മിലുള്ള വിശ്വാസത്തിന്റെ പാലമായി മാറണമെന്ന് പ്രധാനമന്ത്രി മോദിജി തന്റെ പ്രസംഗത്തിൽ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. പാർട്ടിയുടെ ചരിത്രത്തെ പരാമർശിക്കുമ്പോൾ, അത് എല്ലായ്പ്പോഴും പൊതുവായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു,” യാദവ് പറഞ്ഞു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ബിജെപി അധ്യക്ഷന്മാരും യോഗത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള അവതരണം നടത്തിയതായി യാദവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമാനമായ ഒരു അവതരണം ബിജെപിയുടെ പഞ്ചാബ് യൂണിറ്റ് പ്രസിഡന്റും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ സ്വാധീനം നേടാത്ത സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും ബിജെപി അതിന്റെ വിപുലീകരണത്തിനായി പുതിയ ലക്ഷ്യങ്ങൾ വെച്ചു. 10,40,000 പോളിങ് ബൂത്തുകളിലും ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കുമെന്നും അതിൽ പന്ന പ്രമുഖരെ (വോട്ടർ ലിസ്റ്റ് ഇൻ-ചാർജ്) വിന്യസിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
പാർട്ടി അതിന്റെ ഉന്നതിയിൽ ഇതുവരെ എത്തിയിട്ടില്ലെന്നും കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിൽ ബിജെപിയുടെ സ്വാധീനം വികസിപ്പിക്കേണ്ടതുണ്ടെന്നും തന്റെ മുൻഗാമി അമിത് ഷായെ അധികരിച്ച് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.