ന്യൂഡൽഹി: “അജയ്യ ഭാരത്, അടൽ ബാജ്പ,” 2019 ൽ അധികാരം നിലനിർത്താൻ ഈ മുദ്രാവാക്യമാണ് ബിജെപി ഉയർത്തുന്നത്. പ്രതിപക്ഷത്തിന്റെ വിശാല സഖ്യം ഒരു വെല്ലുവിളി ഉയർത്തില്ലെന്ന പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം മുദ്രാവാക്യത്തിൽ തീരുമാനമെടുത്തത്.
പ്രതിപക്ഷത്തിന്റെ വിശാലസഖ്യമെന്ന പുതിയ നിലപാടിനെ പാടേ തളളിയാണ് യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. “പരസ്പരം നോക്കാത്തവര്‍ തമ്മിലുള്ള പ്രതിപക്ഷ സഖ്യം ബിജെപിയുടെ ജനപിന്തുണയുടെ തെളിവാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ അംഗീകരിക്കുന്നില്ല,” മോദി പറഞ്ഞു. എന്നാൽ വിവാദ വിഷയങ്ങളോടും കേന്ദ്രസർക്കാർ പ്രതിസ്ഥാനത്ത് നിൽക്കുന്ന വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊന്നും പറഞ്ഞില്ല.
കള്ളങ്ങള്‍ പ്രചരിപ്പിച്ച് അധികാരത്തിലെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മോദി പറഞ്ഞു. ജാതിമത വിവേചനം സര്‍ക്കാര്‍ കാട്ടിയിട്ടില്ല. എന്നാൽ ആ തരത്തിലുളള പ്രചാരണമാണ് കോൺഗ്രസ് നടത്തുന്നത്. 2022 ൽ വര്‍ഗീയതയും ജാതീയതയും തീവ്രവാദവും ദാരിദ്ര്യവും അഴിമതിയും ഇല്ലാത്ത പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പട്ടികജാതി, പട്ടികവര്‍ഗ നിയമ ഭേദഗതിയിൽ മാറ്റമില്ലെന്ന് രാഷ്ട്രീയ പ്രമേയം നിലപാട് വ്യക്തമാക്കി.
നാല് വർഷത്തിനുളളിൽ ബിജെപിക്ക് ദേശീയ രാഷ്ട്രീയത്തിൽ വലിയ വളർച്ചയാണ് ഉണ്ടായതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. കേരളത്തിലെ പ്രളയ ദുരിതാശ്വാസം സിപിഎം രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന് പി.എസ്.ശ്രീധരന്‍പിള്ള വിമര്‍ശിച്ചു. കേരള ഘടകത്തിന്റെ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അമിത് ഷാ നേതാക്കൾക്ക് ഉറപ്പുനൽകി.