ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവരുടെ വീടുകളിൽ വൈദ്യുതിയെത്തിക്കുന്ന പ്രധാനമന്ത്രി സൗഭാഗ്യ യോജനയുടെ ഉദ്ഘാടനം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഇതിനായി 16,320 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. 2019 മാർച്ച് 31നകം പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

“രാജ്യത്ത് നിലവിൽ നാല് കോടി വീടുകളിൽ വൈദ്യുതിയില്ല. ഇപ്പോഴും മെഴുകുതിരി ഉപയോഗിച്ച് പഠിക്കുന്ന കുട്ടികളുണ്ട്. ഇത് ഇല്ലാതാക്കണം. വൈദ്യുതി ഇല്ലാത്ത ഒരു വീടുകളും ഉണ്ടാകില്ലെന്ന് എന്റെ ഉറപ്പാണ്. ഇതിനായി 16,000 കോടി വിനിയോഗിക്കും. വൈദ്യുതി സേവനം നൽകുന്നതിന് പാവപ്പെട്ടവരിൽ നിന്നും ഫീസ് ഈടാക്കില്ല. പദ്ധതി ചെലവിന്റെ 60 ശതമാനവും കേന്ദ്രസർക്കാർ വഹിക്കും”, പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹിയിലെ ഒ.എൻ.ജി.സി ആസ്ഥാനം മുൻ ജനസംഘം നേതാവ് ദീൻദയാൽ ഉപാദ്ധ്യായയുടെ പേരിലേക്ക് പുനർനാമകരണം ചെയ്തതിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. പാവപ്പെട്ടവന്റെ സ്വപ്നമാണ് കേന്ദ്രസർക്കാരിന്റെ സ്വപ്നമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൻധൻ മുതൽ സ്വച്ഛ് ഭാരത് വരെ, സ്റ്റാൻഡ് അപ് ഇന്ത്യ മുതൽ സ്റ്റാർട്ട് അപ് ഇന്ത്യ വരെ എല്ലാ പദ്ധതികളും പാവങ്ങളുടെ ക്ഷേമത്തിനായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടിയല്ലാതെ അതിന് മുകളിലേക്കുളള പ്രവര്‍ത്തനം ബിജെപി ലക്ഷ്യം വെക്കണമെന്ന് പ്രധാനമന്ത്രി വ്യകതമാക്കി. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് രാഷ്ട്രീയ പ്രതിനിധികള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും പാര്‍ട്ടി രണ്ടാമതാണ് കടന്നുവരേണ്ടതെന്നും മോദി പറഞ്ഞു.

രാജ്യത്ത് നിലവിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചു. ‘കഴിഞ്ഞ മൂന്ന് വർഷമായി രാജ്യത്തെ സാമ്പത്തിക നില സുസ്ഥിരമായിരുന്നു. എന്നാൽ മൂന്ന് മാസമായി വളർച്ചാ നിരക്കിൽ കുറവുവന്നു. ഇത് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു.അഴിമതിയോട് സന്ധിയില്ലാത്ത സമരമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഡോംഗ്ലോഗ് സംഘർഷം പരിഹരിക്കാനായത് നേട്ടമായി കരുതുന്നു. കേരളത്തിലെ രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെ പാർട്ടി പോരാടണമെന്നും’ മോദി പറഞ്ഞു.

കുടുംബ വാഴ്ച കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കുടുംബവാഴ്ച ഇന്ത്യയുടെ ഭാഗമാണെന്ന കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ

‘ബിജെപി വിശ്വസിക്കുന്ന രാഷ്ട്രീയം രാജ്യത്തെ പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണ്. അവരുടെ ദാരിദ്ര്യ പ്രശ്നത്തിന് പരിഹാരം കാണുകയും, വിദ്യാഭ്യാസ പുരോഗതിയുമൊക്കെയാണ് ഞങ്ങളുടെ രാഷ്ട്രീയം’ അമിത് ഷാ പറഞ്ഞു.

പുതിയ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സ്വച്ഛഭാരത്, ദാരിദ്ര്യ നിര്‍മാര്‍ജനം, തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയാണ് ബിജെപി മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം. അതുവഴി ജാതിപരമായതും, വര്‍ഗീയ പരമായതുമായ രാഷ്ട്രീയത്തെ ഇല്ലാതാക്കാമെന്നും ദേശീയ നിര്‍വാഹക സമതി യോഗം ഉദ്ഘാടനം ചെയ്ത് അമിത് ഷാ പറഞ്ഞു.

കേരളത്തില്‍ നടക്കുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമാണെന്നും ഇതിനെതിരെ കേരളത്തില്‍ ബിജെപി പദയാത്ര നടത്തുമെന്നും അമിത് ഷാ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook