ന്യൂഡല്‍ഹി: രണ്ട് ദിവസം നീണ്ട ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയോഗത്തിന് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെ അവസാനമാകും. ആദ്യ ദിനമായ ശനിയാഴ്ച 2019 ലോക്സഭ തിരഞ്ഞെടുപ്പ് ദേശീയ അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ നേരിടാൻ ബിജെപി തീരുമാനമെടുത്തു. അമിത് ഷായുടെ ദേശീയ അധ്യക്ഷൻ സ്ഥാനം 2019ൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് സംഘടന തിരഞ്ഞെടുപ്പ് നീട്ടി വച്ച് അമിത് ഷായുടെ കാലാവധി നീട്ടാന്‍ കളമൊരുങ്ങുന്നത്. 2014 ഓഗസ്റ്റിൽ രാജ്നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെയാണ് പാർട്ടിയുടെ അമരത്ത് അമിത് ഷാ എത്തിയത്. 2016ൽ വീണ്ടും അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് വർഷമാണ് ഒരു അധ്യക്ഷന്റെ കാലാവധി.

പ്രതിപക്ഷത്തിന്റെ കൂടെ ജനങ്ങള്‍ ഇല്ലെന്ന് മാധ്യമങ്ങളെ കണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. പ്രതിപക്ഷത്തിന് യാതൊരു തന്ത്രങ്ങളും കൈവശമില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മോദി സര്‍ക്കാരിന്റെ കീഴില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞു. പ്രധാനമന്ത്രിയുടെ ആശയമായ പുതിയ ഇന്ത്യയ്ക്ക് വേണ്ടിയാണ് ഞങ്ങളുടെ പ്രവര്‍ത്തനം. പ്രതിപക്ഷത്തിന് യാതൊരു തന്ത്രമോ അജണ്ടയോ പോളിസിയോ ഇല്ല. നേതാവോ നീതിയോ തന്ത്രമോ അവര്‍ക്കില്ല. മോദിയെ തടയൂ എന്ന ഒറ്റ ചിന്തയാണ് അവര്‍ക്ക്. രാജ്യത്തെ ജനങ്ങള്‍ക്ക് അവരെ നന്നായിട്ട് അറിയാം. 2019ലും വളരെ വലിയ ഭൂരിപക്ഷത്തോടെ ഞങ്ങള്‍ വിജയിക്കും’, ജാവേദ്കർ കൂട്ടിച്ചേര്‍ത്തു. 2022ഓടെ ഭീകരവാദം ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബറിൽ നാല് സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ്, 2019 ലോക്സഭ തിരഞ്ഞെടുപ്പ് എന്നിവയെ മുൻനിർത്തിയാണ് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയോഗം ചേരുന്നത്. 2014നെക്കാൾ വലിയ വിജയം ബിജെപി സ്വന്തമാക്കുമെന്ന് യോഗത്തിൽ അമിത് ഷാ പ്രസ്താവിച്ചു. വരുന്ന തിരഞ്ഞെടുപ്പുകളെ ‘അജയ്യ ബിജെപി’ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ച് കൊണ്ട് നേരിടാനാണ് സമിതിയുടെ തീരുമാനം.
കർഷർക്കുണ്ടാവുന്ന ദുരിതം, ഉയർന്ന് വരുന്ന എണ്ണവില എന്നിവ സമിതിയുടെ രണ്ടാം ദിവസം കേന്ദ്ര നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ പ്രധാന ചർച്ചാ വിഷയങ്ങളാകും. താഴെത്തട്ടിലുള്ള ജനങ്ങളുടെ വികസന പരിപാടികളോടൊപ്പം സാമൂഹ്യ നീതി, സാമ്പത്തിക വിജയം എന്നിവയിലൂന്നിയ വികസന പദ്ധതികൾക്കും തുടക്കമിടും.

പട്ടിക ജാതി പട്ടിക വർഗങ്ങൾക്കിടയിൽ ഭിന്നിപ്പുകളുണ്ടായിട്ടുണ്ടെങ്കിലും അത് 2019 തിരഞ്ഞെടുപ്പിനെ ബാധിക്കില്ല എന്ന് അമിത് ഷാ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook