ന്യൂഡൽഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും ബിജെപിയെ നിലവിലെ അദ്ധ്യക്ഷൻ അമിത് ഷാ തന്നെ നയിക്കും. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ സംഘടന തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

വരുന്ന ജനുവരി മാസത്തിൽ ദേശീയ​ അദ്ധ്യക്ഷ സ്ഥാനത്ത് അമിത് ഷാ യുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ ഭൂരിപക്ഷം നേടി അധികാരം നിലനിർത്താനാണ് ബിജെപിയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമുണ്ടായത്.

പൊതുതിരഞ്ഞെടുപ്പിന് മുൻപ് നാല് സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ കൂടി അടിസ്ഥാനമാക്കി രാഷ്ട്രീയ തന്ത്രങ്ങളും കൂട്ടുകെട്ടുകളും മെനയുന്ന ചർച്ചകൾക്കും എക്സിക്യൂട്ടീവ് യോഗം വേദിയായി.

എസ്‌സി/എസ്‌ടി നിയമത്തിനെതിരെ മുന്നോക്ക സമുദായങ്ങൾ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് യോഗം നടന്നത്. ഡോ. അംബേദ്‌കർ ഇന്റർനാഷണൽ സെന്ററിൽ നേതൃയോഗത്തിന് ശേഷമാണ് എക്സിക്യൂട്ടീവ് യോഗം നടന്നത്. യോഗം തുടങ്ങുന്നതിന് മുൻപ് അമിത് ഷാ, ഡോ ബി.ആർ.അംബേദ്‌കറുടെ പ്രതിമയ്ക്ക് മുന്നിൽ പുഷ്‌പാർച്ചന നടത്തി.

പാർട്ടിയുടെ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുളള നിർദേശം അമിത് ഷാ നൽകി. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ട് വ്യാജപ്രചാരണങ്ങൾ നടത്തുന്നുണ്ടെങ്കിലും കേന്ദ്രത്തിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നാണ് ബിജെപി വിലയിരുത്തൽ.

കേന്ദ്രസർക്കാരിന്റെയും, സംസ്ഥാന സർക്കാരിന്റെയും വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ നേടിയ 22 കോടി ജനങ്ങളെ നേരിൽകണ്ട് അവരുടെ വോട്ടുറപ്പിക്കാനാണ് പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും ഇന്നത്തെ എക്‌സിക്യൂട്ടീവ് യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്നാഥ് സിങ് കേന്ദ്രമന്ത്രിയായതോടെ 2014 ഓഗസ്റ്റിലാണ് പാർട്ടിയുടെ അദ്ധ്യക്ഷനായി അമിത് ഷാ ചുമതലയേറ്റത്. 2016ൽ ഇദ്ദേഹം വീണ്ടും അദ്ധ്യക്ഷനായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook