പട്ന: ബിജെപി വണ്മാന് ഷോയാവരുത് എന്ന് ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ. അങ്ങനെ വരുന്ന പക്ഷം പാര്‍ട്ടി ഇല്ലാതാവും എന്ന് പറഞ്ഞ സിന്‍ഹ, പാര്‍ട്ടിയുടെ നയങ്ങളില്‍ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഒരുപോലെ വിയോജിപ്പുണ്ട് എന്നും പറഞ്ഞു.
“ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും വലിയൊരു വെല്ലുവിളി തന്നെയാണ് നമ്മള് അഭിമുഖീകരിക്കേണ്ടി വരിക എന്നാണ് എനിക്ക് തോന്നുന്നത്. യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും വ്യവസായികള്‍ക്കും ഇടയില്‍ വിയോജിപ്പുകളുണ്ട്. നമ്മള് ചുമരെഴുത്തുകള്‍ കാണുകയും നമ്മുടെ എതിരാളികളെ കൂടുതല്‍ ഗൗരവത്തോടെ കാണുകയും വേണം” സിൻഹ പറഞ്ഞു.
താന്‍ ബിജെപിക്ക് ഒരു ബദല്‍ അന്വേഷിക്കുകയാണ് എന്ന അഭ്യൂഹങ്ങളെ നിരസിച്ച സിന്‍ഹ, പാര്‍ട്ടി വിടാന്‍ വേണ്ടിയല്ല താന്‍ ബിജെപിയില്‍ ചേര്‍ന്നത് എന്നും പറഞ്ഞു. “എന്നാല്‍ ഇങ്ങനെ വണ്‍ മാന്‍ ഷോയും രണ്ടുപേരുള്ള സൈന്യവുമായി മുന്നോട്ടു പോവുകയാണ് എങ്കില്‍ നമ്മുടെ ലക്ഷ്യത്തിലേക്ക് നമ്മള് എത്തിച്ചേരില്ല എന്ന് പറയാന്‍ എനിക്ക് മടിയില്ല” വെള്ളിത്തിരയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു.
കാര്യങ്ങളെ സത്യസന്ധമായി നോക്കി കാണണം എന്ന് പറഞ്ഞ സിന്‍ഹ “നോട്ടുനിരോധിച്ച തീരുമാനം സമ്പദ്ഘടനയിൽ നിന്നും ഏതെങ്കിലും വിധം കള്ളപ്പണം ഒഴിവാക്കി എന്ന് തോന്നുന്നില്ല. ചരക്കുസേവന നികുതിയാണ് എങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് മാത്രം ഗുണംചെയ്ത സങ്കീര്‍ണമായൊരു നികുതി വ്യവസ്ഥയുമായി. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിന്റെ വില എത്ര താഴ്ന്നിട്ടും കൂടിക്കൊണ്ടിരിക്കുന്ന എണ്ണവിലയാണ് പിന്നെ നമുക്കുള്ളത്” എന്നും പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണങ്ങളെ നിശിതമായി വിമര്‍ശിച്ച മുന്‍ കേന്ദ്രമന്ത്രി പാര്‍ട്ടി തന്ത്രപരമായും പരാജയപ്പെടുന്നതായി ചൂണ്ടിക്കാട്ടി.
“ആശയപരമായി ബിജെപിയുമായി അടുത്തുനില്ക്കുന്ന ഹാര്‍ദിക് പട്ടേലിനെ കൂടെനിര്‍ത്തുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു.” എന്ന് പറഞ്ഞ ശത്രുഘ്നന്‍ സിന്‍ഹ, ഗുജറാത്തിലെ പട്ടേദാർ പ്രക്ഷോഭം പോലെയുള്ള പ്രതിസന്ധികൾക്ക് കാരണം പാർട്ടി നേതൃത്വത്തിന്റെ “ധാര്‍ഷ്ട്യം” ആണെന്നും കുറ്റപ്പെടുത്തി.
മുതിര്‍ന്ന നേതാക്കളുടെ സംഭാവനകളെ മറന്നുകൊണ്ടാണ് ഇപ്പോള്‍ ബിജെപി മുന്നോട്ടുപോകുന്നത് എന്ന് പറഞ്ഞ ശത്രുഘ്നന്‍ സിന്‍ഹ, “ലാല്‍ കൃഷ്ണ അദ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരുടെ തെറ്റ് എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തിനാണ് അവരെ അകറ്റിനിര്‍ത്തുന്നത്. നമ്മളൊക്കെ ഒരു കുടുംബം പോലെയായിരുന്നു. ഇനി അവരുടെ ഭാഗത്ത് നിന്നും എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ട് എങ്കില്‍ അനുരഞ്ജനത്തിനുള്ള ശ്രമമുണ്ടാവണം” എന്നും കൂട്ടിച്ചേര്‍ത്തു.
അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നീ പാര്‍ട്ടി സ്ഥാപക നേതാക്കളെ ഉപദേശകസമിതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സജീവ രാഷ്ട്രീയം മതിയാക്കുകയെന്ന സൂചന നല്കിയ ബിജെപി ദേശീയ നേതൃത്വത്തിനു മുന്നില്‍ കീറാമുട്ടിയായിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍. അരുണ്‍ ഷൂരി മോദി സര്‍ക്കാരിനെതിരെ ആവര്‍ത്തിച്ചു വിമര്‍ശനം ഉയര്‍ത്തുമ്പോള്‍ ധനകാര്യ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയും ജെയ്റ്റ്ലിയുടെ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ മുന്നോട്ട് വന്നിരുന്നു. ഇപ്പോള്‍ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്ന പ്രതിഷേധം മോദി സര്‍ക്കാരിനെതിരെ പാര്‍ട്ടിയില്‍ വളരുന്ന അസ്വാസ്ഥ്യം തുറന്നുകാട്ടുന്നതാണ്.