ന്യൂഡൽഹി: സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ജനസംഖ്യാ നിയന്ത്രണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചിപ്പിച്ചതിന് മാസങ്ങൾക്ക് ശേഷം, വെള്ളിയാഴ്ച ലോക്സഭയിൽ ബിജെപി എംപി ഇതിനായുള്ള സ്വകാര്യ ബിൽ അവതരിപ്പിച്ചു. വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളുടെ എണ്ണം രണ്ടായി പരിമിതപ്പെടുത്തണമെന്നാണ് ബില്ലിലെ ആവശ്യം. യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലും എംപി അവതരിപ്പിച്ചു.

ഉത്തരാഖണ്ഡിലെ നൈനിറ്റാൽ-ഉദംസിംഗ നഗർ നിയോജകമണ്ഡലത്തിലെ ബിജെപി എംപി അജയ് ഭട്ടാണ് 2019 ലെ ജനസംഖ്യാ നിയന്ത്രണ ബിൽ അവതരിപ്പിച്ചത്. ബിൽ പ്രകാരം നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം രണ്ടിൽ കൂടുതൽ കുട്ടികളുള്ള ദമ്പതികൾക്ക് യാതൊരു സർക്കാർ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകരുതെന്നും സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത എടുത്തു കളയണമെന്നും ഒപ്പം ദമ്പതികൾ 50,000 രൂപ വരെ പിഴ നൽകണമെന്നും നിർദേശിക്കുന്നു.

ബില്ലിലെ നിർദേശങ്ങൾ അനുസരിക്കുന്നവർക്ക് സർക്കാർ ജോലികളിൽ മുൻഗണന നൽകുന്നത് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും ബിൽ നിർദ്ദേശിക്കുന്നു.

“ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ജനസംഖ്യ വർദ്ധിക്കുന്നത് കൂടുതൽ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വർദ്ധിച്ചുവരുന്ന വളർച്ചാ നിരക്ക് ഇന്ത്യയെ ജനസംഖ്യയുടെയും ദാരിദ്ര്യത്തിൻറെയും ഒരു ദുഷിച്ച ചക്രത്തിലേക്ക് വലിച്ചിടുകയാണ്. ഇത് തൊഴിലില്ലായ്മയിലേക്കും പണപ്പെരുപ്പത്തിലേക്കും നയിക്കുന്നു. സാമ്പത്തിക വികസനത്തെ ഇത് തടസപ്പെടുത്തുന്നു. അതിനാൽ, ജനസംഖ്യ നിയന്ത്രിക്കാൻ ഒരു നിയമം കൊണ്ടുവരേണ്ടത് പ്രധാനമാണ്,” ഭട്ട് ബില്ലിൽ പറയുന്നു.

ആദ്യ കുട്ടിക്ക് ശേഷം രണ്ടാമത്തെ പ്രസവത്തിൽ ഇരട്ടക്കുട്ടികളോ മൂന്ന് കുട്ടികളോ ജനിച്ചാൽ മാത്രമേ ദമ്പതികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകുന്നത് അനുവദിക്കൂ എന്ന് ബിൽ പറയുന്നു. ഗർഭകാലത്തും അവർക്ക് ജില്ലാ ഭരണകൂടത്തിന്റെ അനുമതി തേടേണ്ടിവരും.

പുതിയ നിയമം പിന്തുടരുന്ന ദമ്പതികളുടെ രേഖകൾ സൂക്ഷിക്കുന്നതിനും ചെറിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംസ്ഥാന-ജില്ലാ കമ്മിറ്റികൾ രൂപീകരിക്കണമെന്ന് ബിൽ നിർദ്ദേശിക്കുന്നു. ഈ സംവിധാനം നിലനിർത്തുന്നതിനുള്ള വാർഷിക ചെലവ് 500 കോടി രൂപയാണ്.

സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു പ്രധാന ഹൈലൈറ്റ് ജനസംഖ്യാ വര്‍ധനവിനെ കുറിച്ചായിരുന്നു. ജനസംഖ്യ വര്‍ധന ഒരു വെല്ലുവിളിയാണെന്നും അത് നേരിടേണ്ടത് വികസനത്തിന് അനിവാര്യമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ജനസംഖ്യാ വര്‍ധനയും വികസനവും തമ്മില്‍ പൊരുത്തപ്പെടുന്നതാണെങ്കിലും അതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കുകയുണ്ടായില്ല. ചെറിയ കുടുംബമെന്നത് രാജ്യസ്‌നേഹത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook