ന്യൂഡൽഹി: ലോകാദ്ഭുതങ്ങളിലൊന്നായ താജ്‌മഹൽ ഹിന്ദുക്ഷേത്രമാണെന്ന പ്രസ്താവന നടത്തിയ ബിജെപി എംപി വിനയ് കത്യാർ വീണ്ടും രംഗത്ത്. ഡല്‍ഹിയിലെ ജുമാ മസ്ജിദ് യമുനാ ദേവി ക്ഷേത്രം ആയിരുന്നെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടിത്തം. ഇന്ത്യയില്‍ 6,000ത്തോളം സ്ഥലങ്ങള്‍ ഇത്തരത്തില്‍ മുഗള്‍ ഭരണത്തില്‍ കൈയേറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാൻപൂരിൽ നിന്നുള്ള ബിജെപി അംഗമായ ഇദ്ദേഹം താജ്മഹലിൽ മുൻപ് ശിവലിംഗം ഉണ്ടായിരുന്നുവെന്നും പ്രസ്താവിച്ചിരുന്നു.

താജ്മഹലും ചെങ്കോട്ടയും നിര്‍മ്മിച്ച ഷാജഹാന്‍ ചക്രവര്‍ത്തി 17ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ചതാണ് തലസ്ഥാനത്തെ ജുമാ മസ്ജിദ്. ‘ആറായിരത്തോളം സ്ഥലങ്ങള്‍ ഇത്തരത്തില്‍ തകര്‍ത്തിട്ടുണ്ട്. ഡല്‍ഹി ജുാ മസ്ജിദ് യഥാര്‍ത്ഥത്തില്‍ ജമുനാ ദേവി ക്ഷേത്രമായിരുന്നു. താജ് മഹല്‍ തേജോ മഹാലയും ആയിരുന്നു’, വിനയ് കത്യാര്‍ പറഞ്ഞു.

മുഗൾ സാമ്രാജ്യം ഹിന്ദു ക്ഷേത്രങ്ങള്‍ നശിപ്പിച്ചുവെന്ന പ്രസ്താവനയുമായി രംഗത്തെത്തിയയാളാണ് കത്യാര്‍. ‘ഹൈന്ദവ ദേവന്മാരുടെയും ദേവിമാരുടെയും പ്രതിമകളുടെ അവശിഷ്ടങ്ങൾ താജ്മഹലിന് അടിയിൽ ഇപ്പോഴും കാണാനാകും.”, അന്ന് പറഞ്ഞു.

ശിവലിംഗത്തിലേക്ക് വളരെ ഉയരത്തിൽ നിന്ന് ജലധാര ഉണ്ടായിരുന്നു. ഇത് തകർത്ത് അവിടെ അവരൊരു കുടീരം പണിതു. ശിവലിംഗം അവർ തകർത്തുവെന്നും വിനയ് കത്യാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ