ന്യൂഡൽഹി: പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്ന മഹാപുരുഷനാണെന്ന് ബിജെപി എംപി സാവിത്രി ബായ് ഫുലേ. ”ജിന്ന മഹാനായ വ്യക്തിയാണ്. അദ്ദേഹം സ്വാതന്ത്ര്യ സമരത്തിന് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. അദ്ദേഹം എന്നും ബഹുമാനത്തോടെ സ്മരിക്കപ്പെടണം” ഉത്തർപ്രദേശിലെ ബഹ്റായിച്ചിൽനിന്നുളള എംപിയായ ഫുലേ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ഇത്തരം മഹത് വ്യക്തികളുടെ ചിത്രങ്ങൾ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥാപിക്കണമെന്നും അവർ പറഞ്ഞു.

അലിഗഡ്‌ സര്‍വകലാശാലയുടെ ചുവരുകളിൽ സ്ഥാപിച്ചിരിക്കുന്ന മുഹമ്മദി ജിന്നയുടെ ചിത്രത്തെ ബിജെപി എംപി സതീഷ് ഗൗതം ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഫുലേയുടെ പ്രസ്താവന. സർവകലാശാലയുടെ ചുമരിൽ ജിന്നയുടെ ചിത്രം വച്ചതിന് യൂണിവേഴ്സിറ്റി വൈസ് ചാൻസിലറിനോട് സതീഷ് വിശദീകരണം തേടിയിരുന്നു. ഇതിനുപിന്നാലെയാണ് ജിന്നയുടെ ചിത്രം വച്ചതിനെ പിന്തുണച്ച് പാർട്ടിയിലെ മറ്റൊരംഗം തന്നെ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രിയായ സ്വാമി പ്രസാദ് മൗര്യയും ജിന്നയെ മഹാപുരുഷനെന്ന് വിശേഷിപ്പിച്ചിരുന്നു. രാജ്യത്തിനു വേണ്ടി നിരവധി സംഭാവനകൾ നൽകിയ ജിന്നയെപ്പോലെയുളള മഹത് വ്യക്തികൾക്കുനേരെ വിരൽ ചൂണ്ടുന്നത് അപമാനകരമാണെന്നാണ് സ്വാമി പ്രസാദ് പറഞ്ഞത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ