ഭോപ്പാൽ: വിവാദ പരാമർശങ്ങളിലൂടെ പാർട്ടിയെ വെട്ടിലാക്കുന്ന കാര്യത്തിൽ പ്രശസ്തയാണ് ഭോപ്പാലിലെ ബിജെപി എംപി സാധ്വി പ്രഗ്യാ സിങ് ഠാക്കൂർ. ഇത്തവണ മഹാത്മ ഗാന്ധിയെ രാഷ്ട്ര പിതാവ് എന്നതിന് പകരം രാഷ്ട്ര പുത്രൻ എന്ന് വിശേഷിപ്പിച്ചാണ് പ്രഗ്യാ സിങ് പുലിവാല് പിടിച്ചിരിക്കുന്നത്.
ഭോപ്പാലിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, മഹാത്മാഗാന്ധി രാഷ്ട്രപുത്രൻ അല്ലെങ്കിൽ “രാജ്യത്തിന്റെ പുത്രൻ” ആണെന്നും രാജ്യം എപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുകയും ഓർമിക്കുകയും ചെയ്യണമെന്ന് പ്രഗ്യാ സിങ് പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) നഗരങ്ങളിലുടനീളം ഗാന്ധി സങ്കൽപ് യാത്ര സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രഗ്യാ സിങ് ഠാക്കൂർ ഇതുവരെ ഈ റാലികളിൽ പങ്കെടുത്തിട്ടില്ല.
ഭോപ്പാൽ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കുന്നതിനിടെയാണ് മഹാത്മാഗാന്ധിയെക്കുറിച്ച് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
എന്തുകൊണ്ടാണ് ബിജെപിയുടെ ഗാന്ധി സങ്കൽപ് യാത്രയിൽ പങ്കെടുക്കാത്തത് എന്ന ചോദ്യത്തിന് “ഗാന്ധി രാജ്യത്തിന്റെ മകനാണ്, ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു, അതിന് ഒരു വിശദീകരണവും നൽകേണ്ടതില്ല” എന്ന് പ്രഗ്യാ സിങ് പറഞ്ഞു.
“രാജ്യത്തിനു വേണ്ടി പ്രവർത്തിച്ചവരെയെല്ലാം ഞാൻ ആരാധിക്കുന്നു. ഗാന്ധിജി വെട്ടിത്തെളിച്ച വഴിയിലൂടെയാണ് ഞാൻ നടക്കുന്നത്. നമുക്ക് മാർഗദർശികളായവരെ നാം സ്തുതിക്കണം. അവരുടെ പാത പിന്തുടരുന്നതിലൂടെ നമ്മൾ ആളുകൾക്ക് പാത ഒരുക്കുകയാണ്,” അവർ പറഞ്ഞു.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭോപ്പാൽ സീറ്റിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രഗ്യാ സിങ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ പ്രശംസിച്ചുകൊണ്ട് വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഗോഡ്സെ ഒരു രാജ്യ സ്നേഹിയാണ് എന്നായിരുന്നു പ്രഗ്യാ സിങ് പറഞ്ഞത്. ഇതിൽ വിശദീകരണവുമായി ബിജെപി രംഗത്തെത്തുകയും, പ്രഗ്യാസിങിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.