ന്യൂഡൽഹി: ബിജെപി എംപി രാം സ്വരൂപ് ശർമയെ ഡൽഹിയിലെ നോർത്ത് അവന്യൂവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ സംഭവ സ്ഥലത്തു നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. അന്വേഷണം നടക്കുകയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം പറയാനാകൂവെന്നും പൊലീസ് കൂട്ടിച്ചേർത്തു.
രാവിലെ കതകിൽ മുട്ടിയിട്ടും രാം സ്വരൂപ് ശർമ പ്രതികരിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ സഹായി രാവിലെ 7.45ഓടെ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്യുകയായിരുന്നു.
അതേസമയം, ശർമ്മയുടെ മരണത്തെ തുടർന്ന് ഇന്ന് രാവിലെ നടക്കാനിരുന്ന പാർലമെന്ററി പാർട്ടി യോഗം ബിജെപി റദ്ദാക്കി. അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം അറിയിച്ച ലോക്സഭ ഉച്ചയ്ക്ക് ഒരു മണിക്ക് പിരിഞ്ഞു.
Read More: തിരഞ്ഞെടുപ്പുകാലത്തെ പ്രതീതി യാഥാർഥ്യങ്ങൾ
1958 ൽ ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിൽ ജനിച്ച രാം സ്വരൂപ് ശർമ്മ 2014ലാണ് ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ മണ്ഡിയിൽ നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. രാം സ്വരൂപ് ശർമയ്ക്ക് ഭാര്യയും മൂന്ന് ആൺമക്കളുമുണ്ട്.