ന്യൂഡൽഹി: രാജ്യത്ത് ബലാത്സംഗവും തീവ്രവാദവും ലൈംഗിക അതിക്രമങ്ങളും തുടരുന്നത് മുസ്ലിം ജനസംഖ്യയിലെ വർദ്ധനവ് മൂലമാണെന്ന് ബിജെപി എംപി ഹരി ഓം പാണ്ഡെ.  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് മുസ്ലിം ജനസംഖ്യ വലിയ തോതിൽ വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“തിവ്രവാദം, ബലാത്സംഗം, ലൈംഗിക അതിക്രമങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നത് മുസ്ലിം ജനസംഖ്യയിലുണ്ടാകുന്ന വർദ്ധനവ് മൂലമാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം രാജ്യത്ത് മുസ്ലിം ജനസംഖ്യ ക്രമാതീതമായി വർദ്ധിച്ചു,” ഹരി ഓം പാണ്ഡെ പറഞ്ഞു.

ഇത് നിയന്ത്രിച്ചില്ലെങ്കിൽ പാക്കിസ്ഥാനെ പോലെ, ഇന്ത്യ ഇനിയും മറ്റൊരു മുസ്ലിം രാഷ്ട്രത്തിനായി വിഭജിക്കപ്പെടുമെന്നും ഉത്തർപ്രദേശിലെ അംബേദ്‌കർ നഗർ മണ്ഡലത്തിൽ നിന്നുളള പാർലമെന്റംഗം പറഞ്ഞു.

ഈ വിഷയത്തിൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ, ജനസംഖ്യ നിയന്ത്രണത്തിനായി ഒരു ബിൽ കൊണ്ടുവരണമെന്ന് അദ്ദേഹം വാദിച്ചു. എങ്കിൽ മാത്രമേ ഇനിയും വിഭജനമെന്ന മറ്റൊരു വെല്ലുവിളിയെ അതിജീവിക്കാൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഉത്തർപ്രദേശിൽ നിന്നുളള മറ്റൊരു പാർലമെന്റംഗം സുരേന്ദ്ര സിംഗും സമാനമായ പ്രസ്താവന നടത്തിയിരുന്നു. ജനസംഖ്യ നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ ഇന്ത്യയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാകുമെന്നാണ് അദ്ദേഹം വാദിച്ചത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook