ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റണമെന്ന് ഡൽഹിയിലെ ബിജെപി എംപി ഹാൻസ് രാജ് ഹാൻസ്. ജവർലാൽ നെഹ്റു യൂണിവേഴ്സിറ്റി എന്നതിന് പകരം മോദി നരേന്ദ്ര (എംഎൻയു) യൂണിവേഴ്‌സിറ്റി എന്നാക്കണമെന്ന് ഹാൻസ് രാജ് ഹാൻസ് ആവശ്യപ്പെട്ടു. ജെഎൻയുവിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് എംപി ആവശ്യമുന്നയിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കാനും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുമുള്ള സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച പഞ്ചാബി ഗായകൻ കൂടിയായ ഹാൻസ് രാജ് ഹാൻസ് സർവകലാശാല സന്ദർശന വേളയിൽ, “ജെഎൻയുവിനെ എംഎൻയു എന്ന് പുനർനാമകരണം ചെയ്യണം,” എന്ന് ആവശ്യപ്പെടുകയായിരുന്നു.

എല്ലാവരും സമാധാനപരമായി തുടരാൻ പ്രാർഥിക്കുക. നമ്മുടെ പൂർവികരുടെ തെറ്റുകൾക്ക് നാം പിഴ നൽകുന്നു. ഇതിന് എംഎൻയു എന്ന് പേരിടാൻ ഞാൻ നിർദേശിക്കുന്നു. മോദിയുടെ പേരിൽ എന്തെങ്കിലും ഉണ്ടായിരിക്കണം, ഹാൻസ് രാജ് ഹാൻസ് പറഞ്ഞു. 1969 ൽ സ്ഥാപിതമായ ജവഹർലാൽ നെഹ്‌റു സർവകലാശാലയ്ക്ക് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേരാണ് നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള എൻ‌ഡി‌എ സർക്കാർ രാഷ്ട്രപതി ഉത്തരവിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 പരിഷ്കരിച്ച് ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ജമ്മു കശ്മീരിനേയും ലഡാക്കിനേയും കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാൻ സർക്കാർ നിർദേശിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള പ്രമേയം പാർലമെന്റ് അംഗീകരിച്ചു. കശ്മീരിൽ അതിനുശേഷം നിരവധി നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.

ആർട്ടിക്കിൽ 370 റദ്ദാക്കിയതിലൂടെ ഒറ്റരാജ്യം ഒറ്റ ഭരണഘടന എന്ന സ്വപ്നമാണ് യാഥാർത്ഥ്യമായിരിക്കുന്നതെന്ന്, തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഒരു രാജ്യം ഒരു ഭരണഘടന എന്നത് നടപ്പിലാക്കി. ഇനി ലക്ഷ്യം ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേ കുറിച്ച് ആലോചിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook