ന്യൂഡൽഹി: സഹായം തേടി സമീപിച്ച യുവതിയും സംഘവും ‘ഹണി ട്രാപ്പി’ൽ കുടുക്കിയതായി ബിജെപി എംപിയുടെ പരാതി. തന്റെ നഗ്നചിത്രങ്ങൾ പകർത്തിയശേഷം അതു പുറത്തുവിടാതിരിക്കാൻ സംഘം അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും ഗുജറാത്തിൽനിന്നുളള എംപി കെ.സി.പട്ടേൽ നൽകിയ പരാതിയിൽ പറയുന്നു. അഞ്ചു കോടി രൂപ നൽകിയില്ലെങ്കിൽ നഗ്നചിത്രങ്ങളും വിഡിയോയും പുറത്തുവിടുമെന്നും മാനഭംഗക്കേസിൽ പെടുത്തുമെന്നും യുവതിയും സംഘവും ഭീഷണിപ്പെടുത്തിയെന്നും എംപിയുടെ പരാതിയിലുണ്ട്.

അതിനിടെ, എംപി തന്നെ മാനഭംഗപ്പെടുത്തിയതാണെന്ന് ആരോപിച്ച് യുവതി കോടതിയെ സമീപിച്ചു. യുവതിയുടെ പരാതി സ്വീകരിച്ച കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. എംപിയുടെ ‘ഹണി ട്രാപ്പ്’ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ പരാതിയും അന്വേഷിക്കാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

ബിജെപി എംപിയായ കെ.സി.പട്ടേൽ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽവച്ച് തന്നെ മാനഭംഗപ്പെടുത്തിയെന്നാണ് യുവതിയുടെ ആരോപണം. മുൻപും പലതവണ എംപി മാനഭംഗപ്പെടുത്തിയിട്ടുണ്ട്. സംഭവം പുറത്തുവിടരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസിനെ സമീപിച്ചെങ്കിലും അവർ പരാതി സ്വീകരിക്കാൻ തയാറായില്ലെന്നും തുടർന്നാണ് നേരിട്ട് കോടതിയെ സമീപിച്ചതെന്നും യുവതി പറയുന്നു.

അതേസമയം, യുവതിയും സംഘവും ശീതളപാനീയത്തിൽ ഉറക്കഗുളിക ചേർത്തു നൽകി മയക്കിശേഷം നഗ്ന ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പകർത്തുകയും ഇതു കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് എംപിയുടെ പരാതി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ