പാട്‌ന: നദിയില്‍ വീണ ബിജെപി എംപിയെ രക്ഷിച്ചത് നാട്ടുകാര്‍. ബിഹാറില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ റാം ക്രിപാല്‍ യാദവാണ് ചങ്ങാടത്തില്‍ നിന്ന് നദിയിലേക്ക് വീണത്. പിന്നീട് പ്രദേശവാസികള്‍ വെള്ളത്തിലേക്ക് എടുത്തുചാടി എംപിയെ രക്ഷിക്കുകയായിരുന്നു.

പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാനായാണ് എംപി ചങ്ങാടത്തില്‍ യാത്ര ചെയ്തത്. ടയര്‍ ട്യൂബുകളും മുളയും ചേര്‍ത്ത് നിര്‍മ്മിച്ച ചങ്ങാടത്തിലായിരുന്നു എംപിയുടെയും സംഘത്തിന്റെയും യാത്ര. ബോട്ടുകള്‍ ലഭിക്കാത്തതുകൊണ്ടാണ് ചങ്ങാടം ഉപയോഗിക്കേണ്ടി വന്നത്. ധനറുവ മണ്ഡലത്തിലെ പ്രളയബാധിതരെ കണ്ട് മടങ്ങുമ്പോഴാണ് അപകടം.

Read Also: വാട്‌സ് ആപ്പിൽ നിന്ന് സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാകും…കാരണം ഇതാണ്

ചങ്ങാടം നിയന്ത്രണം നഷ്ടമായി നദിയിലേക്ക് ചരിഞ്ഞു. ഉടന്‍ തന്നെ എംപിയും സംഘവും നദിയിലേക്ക് വീഴുകയായിരുന്നു. എംപിയെ നദിയിൽ രക്ഷിച്ച ശേഷം പ്രദേശവാസികൾ അദ്ദേഹത്തിന് തല തുടയ്‌ക്കാൻ തോർത്ത് നൽകി.

ആര്‍ജെഡ‍ി നേതാവ് ലലു പ്രസാദ് യാദവിന്റെ മകള്‍ മിര്‍സാ ഭാരതിയെ പരാജയപ്പെടുത്തിയാണ് 2014ല്‍ ക്രിപാല്‍ യാദവ് പാടലപുത്രയില്‍ വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ക്രിപാല്‍ മണ്ഡലം നിലനിര്‍ത്തി.

ബിഹാറിലെ പ്രളയത്തിൽ 55 ഓളം പേർക്ക് ജീവൻ നഷ്ടമായെന്നാണ് റിപ്പോർട്ടുകൾ. 22 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാർ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പരാജയമാണെന്ന് വിമർശനങ്ങളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook