ന്യൂഡല്‍ഹി : മഹിളാമോര്‍ച്ച നേതാവും ബിജെപിയുടെ രാജ്യസഭാ എംപിയുമായ രൂപാഗാംഗുലിക്ക് ശിശുക്കടത്തുമായി ബന്ധമുള്ളതായ് പശ്ചിമ ബംഗാള്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്മെന്‍റ (സിഐഡി). കേസില്‍ കുറ്റാരോപിതയായി ജയിലില്‍ കഴിയുന്ന ചന്ദനാ ചക്രബര്‍ത്തിയാണ് മഹിളാ മോര്‍ച്ചാ നേതാവിന്‍റെ പങ്കിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. ചന്ദനാ ചക്രബര്‍ത്തിയെ ഫെബ്രുവരിയില്‍ അറസ്റ്റ് ചെയ്യാനിടയായ ശിശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ രൂപാ ഗാംഗുലിയും ഉണ്ട് എന്നാണു ആരോപണം. ബിജെപി പശ്ചിമബംഗാള്‍ ഘടകത്തിന്‍റെ നേതൃചുമതല വഹിക്കുന്ന കൈലാഷ് വിജയവര്‍ഗിയക്കെതിരെയും ചന്ദനാ ചക്രബര്‍ത്തി ഇതേ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
‘ബിമലാ ശിശു ഗൃഹോ’ എന്ന എന്‍ജിഒയുടെ അദ്ധ്യക്ഷയായിരുന്ന ചന്ദനാചക്രബര്‍ത്തിയെ. ദത്തെടുപ്പ് എന്ന വ്യാജേന ശിശുക്കളെ വിറ്റു എന്ന കേസിലാണ് അറസ്റ്റ് ചെയ്യുന്നത്. ബിജെപി വനിതാവിഭാഗത്തിലെ നേതാവായ ജൂഹി ചൗദരിയേയും ഇതേ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് എന്‍ജിഒയ്ക്ക് സര്‍ക്കാര്‍ ഫണ്ടുകളും ലൈസന്‍സും നേടിക്കൊടുത്തതിനായിരുന്നു ജൂഹിയുടെ അറസ്റ്റ്. രൂപാ ഗാംഗുലി, കൈലാഷ് വിജയവര്‍ഗീയ എന്നിവരുമായി ചേര്‍ന്നുകൊണ്ട് ജൂഹി ഒത്തുകളിക്കുകയായിരുന്നു എന്നാണു ചന്ദനയുടെ ആരോപണം. എന്തിരുന്നാലും, സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്നാണു രൂപാ ഗാംഗുലിയും വിജയവര്‍ഗീയയും പ്രതികരിച്ചത്.
അതിനിടയില്‍, ജൂഹി കൊല്‍ക്കത്ത സെന്‍ട്രല്‍ ജയിലില്‍ വച്ച് രൂപാ ഗാംഗുലിയെ കണ്ടിരിക്കുന്നു എന്നതിനു തങ്ങളുടെ കൈയ്യില്‍ തെളിവുകള്‍ ഉണ്ട് എന്നാണ് കേസ് അന്വേഷിക്കുന്ന സിഐഡി ഓഫീസര്‍മാര്‍ പറയുന്നത്. ജൂഹിക്ക് ബിജെപിയിലെ ഉയര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധം ഉണ്ട് എന്നും സിഐഡി ആരോപിക്കുന്നു. ശിശുക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയവുമായി എന്‍ജിഒ പ്രശ്നത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ ജൂഹി ചൗദരിയാണ് ചന്ദനാ ചക്രബോര്‍ത്തിയെ മന്ത്രാലയവുമായി സംസാരിക്കാന്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത് എന്നും സിഐഡി ആരോപിക്കുന്നു. ജൂഹി ചൗദരിയേയും പിതാവിനെയും ബിജെപി പിന്നീട് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒഴിവാക്കിയിരുന്നു.
Read More :ബലാത്സംഗ പരാമര്‍ശം; ബിജെപി എംപി രൂപ ഗാംഗുലിക്കെതിരെ കേസെടുത്തു