ബംഗളൂരു: കര്‍ണാടകാ രാഷ്ട്രീയത്തില്‍ വിവാദം ഉണ്ടാക്കി മറ്റൊരു ശബ്ദരേഖ കൂടി പുറത്തായി. കര്‍ണാടകാ ബിജെപി എംഎല്‍എ പ്രീതം ഗൗഡയുടെ സംഭാഷണമാണ് പുറത്തായത്. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയേയും അദ്ദേഹത്തിന്റെ മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമിയേയും കുറിച്ചുളള സംഭാഷണമാണ് പുറത്തായത്. ജെഡിഎസ് എംഎല്‍എയുടെ മകനോടാണ് പ്രീതം സംസാരിക്കുന്നത്.
‘ദേവ ഗൗഡ ഉടനെ മരിക്കും, കുമാരസ്വാമി അസുഖബാധിതനാവുകയും ചെയ്യും,’ എന്നാണ് പ്രീതം ഗൗഡ പറയുന്നത്. ഇതോടെ ജെഡിഎസ് വെറും ചരിത്രമായി മാറുമെന്നും ബിജെപി എംഎല്‍എ പറയുന്നുണ്ട്.

ചാനലുകൾ ഓഡിയോ ക്ലിപ് സംപ്രേഷണം ചെയ്തതിനു പിന്നാലെ ജെ.ഡി.എസ് പ്രവർത്തകർ ഹസാനിലെ പ്രീതം ഗൗഡയുടെ വീട് ആക്രമിച്ചു. ബി.ജെ.പി പ്രവർത്തകന് അക്രമത്തിൽ പരിക്കേറ്റു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് ചെയ്തു. സംഭവം നിയമസഭയിലും വൻ പ്രതിഷേധമുയർത്തി. തന്നെയും പിതാവിനെയും കുറിച്ചുള്ള ബി.ജെ.പി എം.എൽ.എയുടെ ആരോപണങ്ങളിൽ പ്രവർത്തകർ പ്രതികരിക്കരുതെന്ന് കുമാരസ്വാമി അഭ്യർഥിച്ചു.

എം.എൽ.എക്കെതിരായ ആക്രമണത്തിനെതിരെ ബി.ജെ.പി നേതാവ് ബി.എസ് യെദിയൂരപ്പ രംഗത്തെത്തി. ഗൗഡ കുടുംബം ഞങ്ങളുടെ എം.എൽ.എയെ ആക്രമിക്കുന്നു. ഞാൻ അവിടെ ചെന്ന് ധർണയിരിക്കും. അവർ എന്നെ ആക്രമിക്കട്ടെ. ഈ സംഭവത്തെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനെ അറിയിക്കും. അക്രമികളായ ജെ.ഡി.എസ് പ്രവർത്തകർക്കെതിരെ പൊലിസ് നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. തന്റെ കുടുംബാംഗങ്ങളെ കൊല്ലാൻ ജെ.ഡി.എസ് ശ്രമിക്കുന്നെന്നും താൻ തിരിച്ചടിക്കുമെന്നും പ്രീതം ഗൗഡ പറഞ്ഞു. ഹസാനിൽ സ്ഥിതിഗതികൾ കൂടുതൽ വഷളായതിനെ തുടർന്ന് കൂടുതൽ പൊലീസിനെ വിന്യസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook